കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റു

സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് അനിൽകുമാർ വീണ്ടും ചുമതലയേറ്റത്

Update: 2025-07-06 12:58 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന് വൈകുന്നേരം 4.30ന് യൂണിവേഴ്സിറ്റിയിലെത്തി അനിൽകുമാർ വീണ്ടും ചുമതലയേറ്റത്.

ഇതോടെ കേരള സർവകലാശാല രജിസ്ട്രാർ ഹൈക്കോടതിയിൽ നൽകിയ ഹരജി പിൻവലിക്കും. സസ്പെൻഷൻ നടപടി ചോദ്യം ചെയ്ത് നൽകിയ ഹരജിയാണ് കെ.എസ് അനിൽകുമാർ പിൻവലിക്കുക.

അനിൽ കുമാറിന്റെ സസ്പെൻഷൻ റദ്ദാക്കി അദ്ദേഹം ചുമതലയേറ്റു എന്ന തീരുമാനം നാളെ കോടതിയിൽ അറിയിക്കാനാണ് ഇടതുപക്ഷ ഭൂരിപക്ഷമുള്ള സിൻഡിക്കേറ്റ് തീരുമാനം. സസ്പെൻഷൻ പിൻവലിക്കാനുള്ള പ്രമേയം വിസിയുടെ സാന്നിധ്യത്തിലാണ് പാസാക്കിയതെന്ന് ഇടത് പക്ഷ അംഗങ്ങൾ പറഞ്ഞു. എന്നാൽ താൻ യോഗത്തിൽ നിന്നിറങ്ങിയതിന് ശേഷം എടുക്കുന്ന തീരുമാനത്തിന് നിയമ സാധ്യതയില്ലെന്നാണ് താൽക്കാലിക വിസിയായ സിസ തോമസ് നിലപാട് സ്വീകരിച്ചത്. വിസിയും സിൻഡിക്കേറ്റും വ്യത്യസ്ത നിലപാട് സ്വീകരിക്കുമ്പോൾ കോടതിയുടെ തീരുമാനം നിർണായകമായിരിക്കും.

ആർഎസ്എസ് കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ച കേരള സർവകലാശാല സെനറ്റ് ഹാളിൽ നടന്ന പരിപാടി റദ്ദാക്കിയതിന് പിന്നാലെയാണ് രജിസ്ട്രാർ കെ.എസ് അനിൽകുമാറിനെ വൈസ് ചാൻസലർ മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. വിദേശയാത്ര പോയ മോഹൻ കുന്നുമ്മൽ താൽക്കാലിക വിസിയുടെ ചുമതല സർക്കാരുമായി സ്വരച്ചേർച്ചയിൽ അല്ലാത്ത സിസാ തോമസിന് നൽകി.

ഇടതുപക്ഷ അംഗങ്ങളുടെ ആവശ്യപ്രകാരം ഇന്ന് രാവിലെ 11 മണിയോടെ സിൻഡിക്കേറ്റ് യോഗം ആരംഭിച്ചു. രജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് യോഗത്തിൻ്റെ അജണ്ടയിൽ ഇല്ലെന്ന് താൽക്കാലിക വിസി സിസ തോമസ് പറഞ്ഞതോടെ ബഹളമായി. സിൻഡിക്കേറ്റിന്റെ അധികാരം വിസി എടുത്തു ഉപയോഗിച്ച പശ്ചാത്തലത്തിൽ നാളെ കോടതി അറിയിക്കേണ്ടത്, ഇന്നത്തെ സിൻഡിക്കേറ്റ് യോഗത്തിന്‍റെ തീരുമാനമാണെന്ന് ഇടതുപക്ഷ അംഗങ്ങൾ വാദിച്ചു. ഇടതുപക്ഷ അംഗങ്ങൾ സസ്പെൻഷൻ റദ്ദാക്കിയുള്ള പ്രമേയവും സിൻഡിക്കേറ്റില്‍ അവതരിപ്പിച്ചു. ഇതിന് പിന്നാലെ സിസാ തോമസ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സസ്പെൻഷൻ നടപടി റദ്ദാക്കിയ സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ചില്ലെന്ന് സിസാ തോമസ് പറഞ്ഞു.

താൽക്കാലിക വിസി ഇറങ്ങി പോയതിന് പിന്നാലെ,സർവ്വകലാശല സ്റ്റാറ്റ്യൂട്ടിലെ ചാപ്റ്റർ ആറു പ്രകാരം പുതിയ അധ്യക്ഷയെ നിയമിച്ച് സിൻഡിക്കേറ്റ് യോഗം ഇടതുപക്ഷ അംഗങ്ങൾ തുടർന്നു. രജിസ്ട്രാറെ നിയമിക്കാനുള്ള അധികാരം സിൻഡിക്കേറ്റിന് ആണെന്നും സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിച്ച് വിസി നടത്തിയ സസ്പെൻഷൻ റദ്ദാക്കുന്നുവെന്നും ഭൂരിപക്ഷമുള്ള ഇടതുപക്ഷ അംഗങ്ങൾ തീരുമാനമെടുത്തു. ഇത് നാളെ കോടതിയിൽ അറിയിക്കും. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News