'നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആരായാലും അംഗീകരിക്കും; മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതപ്പിക്കണമെന്നാണ് ആഗ്രഹം': ആര്യാടൻ ഷൗക്കത്ത്
കോൺഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിക്കായി കാതോർത്തിരിക്കുകയാണ് നിലമ്പൂർ.
മലപ്പുറം: നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാർഥാർഥി ആരായാലും അംഗീകരിക്കുമെന്ന് ആര്യാടന്‍ ഷൗക്കത്ത് മീഡിയവണിനോട്. അവസാന ശ്വാസം വരെ കോൺഗ്രസുകാരനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. സ്ഥാനാർഥി നിർണയത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ തർക്കമെന്നത് മാധ്യമസൃഷ്ടിയെന്നും ആര്യാടന്‍ ഷൗക്കത്ത് മീഡിയവണിനോട് പറഞ്ഞു.
കോൺഗ്രസ് പ്രഖ്യാപിക്കുന്ന സ്ഥാനാർഥിക്കായി കാതോർത്തിരിക്കുകയാണ് നിലമ്പൂർ. തെരഞ്ഞെടുപ്പിന് മണ്ണും മനസും ഒരുക്കി കാത്തിരിക്കുകയാണ് യുഡിഎഫ്. സ്ഥാനാർഥി നിർണയം സംബന്ധിച്ച് പി.വി അൻവറുമായി യുഡിഎഫ് നേതൃത്വം സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സ്ഥാനാർഥി ആരായാലും അംഗീകരിക്കും.
സ്ഥാനാർഥിത്വം കിട്ടിയില്ലെങ്കിൽ താൻ പാർട്ടി വിടുമെന്ന അഭ്യൂഹം മാധ്യമങ്ങളുണ്ടാക്കിയതാണ്. മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതപ്പിക്കാൻ മറക്കരുതെന്ന് പറഞ്ഞ ആര്യാടൻ മുഹമ്മദിന്റെ മകനാണ് താൻ. മരിക്കുമ്പോൾ കോൺഗ്രസ് പതാക പുതപ്പിക്കണമെന്നതാണ് തന്റെയും ആഗ്രഹം- അദ്ദേഹം വിശദമാക്കി.
യുഡിഎഫ് സ്ഥാനാർഥിയായി ഡിസിസി അധ്യക്ഷൻ വി.എസ് ജോയ്, ആര്യാടൻ ഷൗക്കത്ത് എന്നീ പേരുകളാണ് പരിഗണനയിലുള്ളത്. ഇതിൽ ജോയ്ക്കാണ് മുൻതൂക്കമെന്നും സ്ഥാനാർഥിത്വം കിട്ടിയില്ലെങ്കിൽ ആര്യാടൻ ഷൗക്കത്ത് എൽഡിഎഫിലേക്ക് പോകുമെന്നുമുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിലായിരുന്നു ഷൗക്കത്തിന്റെ പ്രതികരണം.