ടിഎംസിയുടെ യുഡിഎഫ് പ്രവേശനം: പി.വി അൻവറുമായി ചർച്ച നടത്തുമെന്ന് വി.ഡി സതീശൻ
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു നിബന്ധനയും അൻവർ വെച്ചിട്ടില്ലെന്നും സതീശൻ
തിരുവനന്തപുരം: പി.വി അൻവറുമായി അടുത്ത ബുധനാഴ്ച താനും രമേശ് ചെന്നിത്തലയും ചർച്ച നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ഒരു നിബന്ധനയും അൻവർ വെച്ചിട്ടില്ലെന്നും സതീശൻ പറഞ്ഞു.
അൻവറിന്റെ പ്രവേശനം സംബന്ധിച്ച് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണ്. ഞങ്ങളത് ചർച്ച ചെയ്യും. നിലമ്പൂരിലെ ഏത് യുഡിഎഫ് സ്ഥാനാർഥിയെയും പിന്തുണക്കുമെന്നും അൻവർ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പിന്തുണ ഞങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും വി.ഡി സതീശൻ വ്യക്തമാക്കി.
അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് പ്രവേശനം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുകയാണ് തൃണമൂൽ കോൺഗ്രസ് കേരളാഘടകം. എല്ലാ കാലത്തും നിരുപാധികം യുഡിഎഫിനെ പിന്തുണക്കാനാകില്ലെന്ന് തൃണമൂൽ നേതാവ് ഇ.എ സുകു മീഡിയവണിനോട് പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി യുഡിഎഫ് നേതാക്കളോട് സംസാരിക്കുകയും ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും സുകു പറഞ്ഞു. കഴിഞ്ഞ കാലഘട്ടങ്ങളിലേത് പോലെ എല്ലാക്കാലവും ഏകപക്ഷീയ പിന്തുണ യുഡിഎഫിന് കൊടുക്കനാവില്ല. മുന്നണിയുടെ ഭാഗമാവുമ്പോഴാണ് തങ്ങളെടുക്കുന്ന നിലപാടിനൊരു സാധൂകരണം കിട്ടുകയെന്നും അദ്ദേഹം വ്യക്തമാക്കി. പി.വി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് തൃണമൂൽ കോൺഗ്രസ് നിലപാട് കടുപ്പിച്ചത്.
അൻവറിന്റെ സാന്നിധ്യം നിലമ്പൂരിൽ ഗുണം ചെയ്യുമെന്നാണ് മുസ്‍ലിം ലീഗ് വിലയിരുത്തൽ. ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലും പി.വി അൻവർ ചർച്ചയാകും. അന്നാണ് അന്‍വറുമായി ചര്‍ച്ച നടത്തുകയെന്നാണ് വി.ഡി സതീശന്‍ വ്യക്തമാക്കുന്നത്.