ഷൈൻ ടോമിനെതിരെ നിയമപരമായി പരാതി നൽകില്ലെന്ന് വിൻസി; 'അന്വേഷണവുമായി സഹകരിക്കും'
സിനിമയിൽ ഇത് ആവർത്തിക്കരുതെന്നും ഐസിസിക്ക് നൽകിയ പരാതിയിൽ നിന്ന് പുറകോട്ടില്ലെന്നും വിൻസി പ്രതികരിച്ചു.
കൊച്ചി: മോശം പെരുമാറ്റത്തിൽ നടൻ ഷൈൻ ടോം ചാക്കോയ്ക്കെതിരെ നിയമപരമായി പരാതി നൽകില്ലെന്ന് നടി വിൻസി അലോഷ്യസ്. എന്നാൽ അന്വേഷണവുമായി സഹകരിക്കും. ഐസിസിക്ക് നൽകിയ പരാതിയിൽ നിന്ന് പുറകോട്ടില്ലെന്നും സിനിമയിൽ ഇത് ആവർത്തിക്കരുതെന്നും വിൻസി മാധ്യമങ്ങളോട് പ്രതികരിച്ചു.
സിനിമാ മേഖലയിൽ തന്നെ ഇക്കാര്യത്തിൽ വേണ്ട നടപടികളെടുക്കുമെന്നാണ് പ്രതീക്ഷ. അതുണ്ടാവണം. വിഷയം സിനിമയ്ക്കുള്ളിൽ പരിഹരിക്കണം. ഇന്ന് സിനിമയിലെ ആഭ്യന്തര സമിതിക്ക് മുൻപാകെ ഹാജരാകും. താൻ കൊടുത്ത പരാതി അവർ പരിശോധിക്കും. അതിനു ശേഷം അവർ നടപടി സ്വീകരിക്കുമെന്നും വിൻസി വ്യക്തമാക്കി.
പരാതി ചോർന്നത് സജി നന്ത്യാട്ട് വഴിയാണെന്ന് താൻ സംശയിച്ചു. കുറ്റപ്പെടുത്തിയതിൽ ഖേദം പ്രകടിപ്പിക്കുന്നതായും വിൻസി കൂട്ടിച്ചേർത്തു. സജി നന്ത്യാട്ട് അല്ലെങ്കിൽ മറ്റാരാണ് നടന്റെ പേര് പുറത്തുവിട്ടതെന്ന കാര്യത്തിൽ നടിക്ക് വ്യക്തതയില്ല.
വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ, വിഷയം ചർച്ച ചെയ്യാനാണ് സൂത്രവാക്യം സിനിമയുടെ ഐസിസി ഇന്ന് വൈകീട്ട് കൊച്ചിയിൽ യോഗം ചേരുക. എന്നാൽ, വിഷയം തങ്ങൾ അറിഞ്ഞിട്ടില്ലെന്ന് നിർമാതാവ് ശ്രീകാന്ത് ആവർത്തിച്ചു. സിനിമയുടെ പ്രമോഷനുമായി വിൻസിയും ഷൈനും സഹകരിക്കുന്നില്ലെന്നും നിർമാതാവ് കുറ്റപ്പെടുത്തി.
ഷൈനിനെതിരായ പരാതിയിൽ വിൻസിയുമായി സംസാരിച്ചു. സെറ്റിൽ ആരോടാണ് പരാതി പറഞ്ഞതെന്ന് വിൻസി പറഞ്ഞില്ലെന്നും നിർമാതാവ് ആരോപിച്ചു.
ഫിലിം ചേംബറിന്റെ ഇന്റേണൽ കമ്മിറ്റിയും ഉച്ചയ്ക്കു ശേഷം യോഗം ചേരുന്നുണ്ട്. വിൻസിയുടെ പരാതിക്ക് പുറമെ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ സമിതി പരിശോധിക്കും. വ്യാഴാഴ്ചയാണ് നടനെതിരെ വിൻസി ഫിലിം ചേംബറിനും അമ്മയ്ക്കും പരാതി നൽകിയത്.