മുനമ്പം പ്രശ്നത്തിന് പരിഹാര നിർദേശം മുന്നോട്ടുവച്ച് വഖഫ് ബോർഡ് ഉന്നത ഉദ്യോഗസ്ഥർ; 'ഭൂമിയേറ്റെടുത്ത് കുടുംബങ്ങൾക്ക് പതിച്ചുനൽകണം'

ജനവിഭാഗങ്ങള്‍ തമ്മിലെ സ്പർധ ഒഴിവാക്കാന്‍ ഈ നിർദേശങ്ങൾ പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ മന്ത്രിക്കു മുന്നില്‍ സമർപ്പിച്ചത്.

Update: 2025-04-21 04:01 GMT
Advertising

കോഴിക്കോട്: മുനമ്പം വഖഫ് പ്രശ്നം പരിഹരിക്കാന്‍ നിയമപരമായ പരിഹാര നിർദേശം മുന്നോട്ടുവച്ച് വഖഫ് ബോർഡിലെ ഉന്നത ഉദ്യോഗസ്ഥർ. മുനമ്പത്തെ ഭൂമി പൊതു ആവശ്യത്തിനായി സർക്കാർ ഏറ്റെടുത്ത് കൈവശക്കാർക്ക് പതിച്ചുകൊടുക്കണമെന്നാണ് നിർദേശം. വഖഫ് നിയമത്തിലെ 51ാം വകുപ്പ് പ്രകാരം ഭൂമിയേറ്റെടുക്കാം. പകരം തുല്യ അളവിൽ വഖഫിന് ഭൂമി നൽകിയാൽ മതി. ഈ സാധ്യത ഉപയോഗപ്പെടുത്തി മുനമ്പത്തെ ഭൂമി സർക്കാർ ഏറ്റെടുക്കണം. പകരം ഭൂമി ഫാറൂഖ് കോളജിന് മറ്റെവിടെയെങ്കിലും നൽകിയാൽ ആ കൈമാറ്റം നിയമപരമായി മാറും. ഇതാണ് ഉദ്യോഗസ്ഥ നിർദേശത്തിന്റെ കാതല്‍. മന്ത്രി വി. അബ്ദുറഹ്മാന് മുമ്പാകെയാണ് ഉദ്യോ​ഗസ്ഥർ പരിഹാര നിർദേശങ്ങൾ മുന്നോട്ടുവച്ചത്.

ഇങ്ങനെ ഭൂമി ഏറ്റെടുക്കുന്നതോടെ മുനമ്പത്തെ ഭൂമിയില്‍ സർക്കാരിന് പൂർണ അധികാരം ലഭിക്കും. പണം നൽകി രേഖാമൂലം ഭൂമി വാങ്ങിയ മുനമ്പത്തുകാർക്ക് ഈ സ്ഥലം പതിച്ചു നൽകാം. അങ്ങനെ മുനമ്പത്തെ നിലവിലെ താമസക്കാർക്ക് അവിടെത്തന്നെ പൂർണ അവകാശങ്ങളോടെ താമസിക്കാം. വഖഫ് ഭൂമി അന്യാധീനപ്പെടുത്തിയെന്ന പ്രശ്നത്തെ മറികടക്കാനും ഇതിലൂടെ കഴിയും. രേഖകളില്ലാതെ ഭൂമി കൈവശം വച്ചവരില്‍ നിന്ന് വില ഈടാക്കിയും ഭൂമി നൽകാം. ജനവിഭാഗങ്ങള്‍ തമ്മിലെ സ്പർധ ഒഴിവാക്കാന്‍ ഈ നിർദേശങ്ങൾ പരിഗണിക്കണമെന്ന അപേക്ഷയോടെയാണ് ഉദ്യോഗസ്ഥർ ഇക്കാര്യങ്ങൾ മന്ത്രിക്കു മുന്നില്‍ സമർപ്പിച്ചത്.

രേഖാമൂലം വഖഫ് ചെയ്ത ഭൂമി വഖഫല്ലെന്ന് പ്രഖ്യാപിക്കുന്നതോ വിൽപ്പനയ്ക്ക് മുന്‍കാല പ്രാബല്യം നൽകുന്നതോ നിയമപ്രകാരം നിലനില്‍ക്കില്ലെന്നും റിപ്പോർട്ടിലുണ്ട്. 2013ന് മുമ്പുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഭൂമി കൈമാറ്റത്തിന് മുന്‍കാല പ്രാബല്യം നൽകാൻ ശ്രമിച്ചാല്‍ വഖഫ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനെ അത് പ്രതികൂലമായി ബാധിക്കും. വഖഫ് ബോർഡിനെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും ആ നടപടിയെന്നും ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

മുനമ്പത്തെ ഭൂമിയുടെ നിലവിലെ അവസ്ഥ വ്യക്തമാകാന്‍ സമഗ്രമായ സർവേ നടത്തണണെന്നും റിപ്പോർട്ടിലുണ്ട്. വഖഫ് ട്രിബ്യൂണലിലും മറ്റു കോടതികളിലും കേസുകള്‍ നിലനിൽക്കുന്നതിനാല്‍ ബന്ധപ്പെട്ട കക്ഷികളുമായി സമവായമുണ്ടാക്കി അവ തീർപ്പാക്കാമെന്നും ഉദ്യോഗസ്ഥർ നിർദേശിക്കുന്നു. സർക്കാർ ആവശ്യപ്പെടാതെ നല്‍കിയ അനൗദ്യോഗിക റിപ്പോർട്ട് ആയതിനാലാണ് റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥരെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിടാനാകാത്തത്.

വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കാനുള്ള മുനമ്പം പ്രശ്നം പരിഹിച്ചാല്‍ സർക്കാരിന് അത് നേട്ടമാകുമെന്നും മുതലെടുപ്പ് സംഘങ്ങളെ കെട്ടുകെട്ടിക്കാമെന്നുമാണ് ഈ റിപ്പോർട്ടിലൂടെ ഉദ്യോഗസ്ഥർ സർക്കാരിനോട് പറയുന്നത്. ഈ പരിഹാര നിർദേശത്തോട് സർക്കാരിന്റെയും ബന്ധപ്പെട്ട കക്ഷികളുടേയും അഭിപ്രായമാണ് ഇനി അറിയേണ്ടത്.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News