'ദുരന്തങ്ങളുണ്ടായ ഒരു ഘട്ടത്തിലും കേന്ദ്രം സഹായിച്ചില്ല; എന്നിട്ടും വിവിധ കാര്യങ്ങളിൽ കേരളം നമ്പർ വൺ ആയി': മുഖ്യമന്ത്രി

'തകരട്ടെ, കൂടുതൽ തകരട്ടെ എന്ന നശീകരണ വികാരമായിരുന്നു കേന്ദ്രത്തെ നയിച്ചത്'.

Update: 2025-04-21 06:09 GMT
Advertising

കാസർകോട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർ‌ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തങ്ങളുണ്ടായ ഒരു ഘട്ടത്തിലും കേന്ദ്രത്തിൽനിന്ന് കേരളത്തിന് ഒരു സഹായവും ലഭിച്ചില്ലെന്നും തകരട്ടെ എന്ന നശീകരണ വികാരമായിരുന്നു അവർക്കുണ്ടായിരുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കാസർകോട് കാലിക്കടവ് മൈതാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെയും 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിലെ ആകെ ജനങ്ങൾ ശപിച്ചുകൊണ്ടിരുന്ന ഒരു സർക്കാരിനെ മാറ്റിയാണ് 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നത്. ഓഖിയും നിപയും പ്രളയവും മുതൽ മുണ്ടക്കൈ ഉരുൾപൊട്ടൽ വരെയുള്ള പ്രതിസന്ധികളെ അതിജീവിച്ച നാടാണ് കേരളം. പ്രതിസന്ധികൾ ഉണ്ടായാൽ ആ സംസ്ഥാനത്തിനൊപ്പം ചേർന്നുനിന്ന്, അതീജിവനം നേടാൻ സഹായിക്കേണ്ടവരാണ് കേന്ദ്ര സർക്കാർ. പക്ഷേ നിർഭാഗ്യവശാൽ ഒരു ഘട്ടത്തിലും ആവശ്യമായ സഹായം കേരളത്തിന് ലഭിച്ചില്ല.

തീർത്തും നിഷേധാത്മക നിലപാട് സ്വീകരിച്ചു. ലഭിക്കുന്ന സഹായം തന്നെ തടയുന്ന നിലപാടുണ്ടായി. മറ്റുള്ളവർ നൽകുന്നതുപോലും തങ്ങളുടെ അധികാരമുപയോഗിച്ച് തടഞ്ഞു. തകരട്ടെ, കൂടുതൽ തകരട്ടെ എന്ന നശീകരണ വികാരമായിരുന്നു കേന്ദ്രത്തെ നയിച്ചത്. സഹായങ്ങൾ നിഷേധിച്ചിട്ടും, നമുക്ക് നമ്മുടെ നാട് പ്രിയപ്പെട്ടതായതുകൊണ്ടുതന്നെ അതിജീവനം ഉറപ്പുവരുത്തുന്ന തരത്തിൽ ജനങ്ങളാകെ സർക്കാരുമായി സഹകരിച്ചു. പിന്നീട് രാജ്യവും ലോകവും ആശ്ചര്യത്തോടെയാണ് കേരളത്തെ നോക്കിക്കണ്ടത്.

നമ്മുടെ നാടിന്റെ ഒരുമയും ജനങ്ങളുടെ ഐക്യവും കൊണ്ടാണ് ഈ രീതിയിൽ അതിജീവിക്കാൻ നമുക്ക് സാധിച്ചത്. ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്തായി ആ ഐക്യം മാറുകയായിരുന്നു. കേന്ദ്രം നിഷേധ നിലപാട് സ്വീകരിച്ചിട്ടും കേരളം പുറകോട്ടുപോയില്ല. തകരട്ടെ എന്ന് ആഗ്രഹിച്ചെങ്കിലും വിവിധ കാര്യങ്ങളിൽ കേരളം നമ്പർ വൺ എന്നുപറഞ്ഞ് കേന്ദ്രത്തിന് തന്നെ അവാർഡ് തരേണ്ടിവന്നു.

ജനങ്ങൾ എൽഡിഎഫിനെ ഏൽപ്പിച്ച ഉത്തരവാദിത്തത്തോട് ആകാവുന്നത്ര നീതി ചെയ്ത് കേരളത്തെ പുരോഗതിയിലേക്ക് നയിക്കാനാണ് സർക്കാർ ശ്രമിച്ചത്. കേരളത്തിൽ നടക്കില്ലെന്ന് കരുതിയ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. പഴയ റോഡുകളല്ല ഇന്ന് നമുക്ക് മുന്നിലുള്ളത്. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നില്ലായിരുന്നെങ്കിൽ, 2021ൽ തുടർച്ച ഉണ്ടായിരുന്നില്ലെങ്കിൽ ദേശീയപാതാ വികസനം നടക്കില്ലായിരുന്നു.

ഗെയിൽ പൈപ്പ് ലൈനുകളിലൂടെ ഗ്യാസ് പ്രവഹിക്കുകയാണ്. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി അടുക്കളയിൽ ഗ്യാസ് എത്തുന്ന നിലവന്നു. ഒരു ഭാഗത്ത് മലയോര ഹൈവേ, വേറൊരു ഭാഗത്ത് തീരദേശ ഹൈവേ, ഇതിനിടയിൽ കോവളം- ബേക്കൽ ജലപാത. ആരെയും കൊതിപ്പിക്കുന്ന പ്രകൃതിഭംഗിയുള്ള നാടാണ് കേരളം. അതോടൊപ്പം പശ്ചാത്തലഭംഗിയും വികസിക്കുന്നു. ക്ഷേമ പെൻഷൻ 18 മാസത്തെ കുടിശിക കൊടുത്തുതീർത്തു. ഇപ്പോൾ 1600 രൂപ വീതം 60 ലക്ഷം പേർക്ക് കൊടുക്കുന്നു. എല്ലാ മേഖലയും മാറിയില്ലേയെന്നും മുഖ്യമന്ത്രി ചോദിച്ചു.

അതേസമയം, കേരളത്തിനെതിരെ കേന്ദ്രം ദ്രോഹനടപടികൾ തുടരുമ്പോൾ കേരളത്തിൻ്റെ താത്പര്യം ഉയത്തിപ്പിടിക്കേണ്ട പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും കേന്ദ്രത്തിനാപ്പമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഏപ്രിൽ 21 മുതൽ മെയ് 30 വരെ വിപുലമായാണ് സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വാർഷികാഘോഷത്തിന്റെ ഭാഗമായി പ്രദർശന വിപണന മേളകളും സംഘടിപ്പിക്കും. തിരുവനന്തപുരത്താണ് വാർഷികാഘോഷ പരിപാടിയുടെ സമാപനം.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News