ഞാനും മുസ്‌ലിം ലീഗും ഒരിക്കൽ അണ്ണനും തമ്പിയുമായിരുന്നു, കാര്യം കഴിഞ്ഞപ്പോൾ അവർ ഒഴിവാക്കി: വെള്ളാപ്പള്ളി നടേശൻ
ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു
ആലപ്പുഴ: മുസ്‌ലിം ലീഗും താനും ഒരിക്കൽ അണ്ണനും തമ്പിയുമായിരുന്നെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സാമുദായിക സംവരണം വേണമെന്ന് പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടുപോയി സമരം ചെയ്തു. ഡൽഹിയിൽ അടക്കം സമരം നടത്താൻ ലക്ഷങ്ങൾ ചെലവാക്കി.
അവർ അവരുടെ കാര്യം സാധിച്ചു. അവരുടെ കാര്യം നേടി കഴിഞ്ഞപ്പോൾ ഒഴിവാക്കി. ഇതാണോ ഒന്നിച്ച് സമരം ചെയ്യുന്നവർ ചെയ്യേണ്ടത്. യുഡിഎഫ് ഭരണത്തിൽ വന്നാൽ വിദ്യഭ്യാസ സംവരണം നേടിത്തരാം എന്ന് പറഞ്ഞു. ആലുവ മണപ്പുറത്ത് കണ്ട ഭാവം നടിച്ചില്ല. മലപ്പുറത്ത് ലീഗിന് മാത്രം 17 കോളജ് ഉണ്ട്.
പേര് തന്നെ മുസ്‌ലിം ലീഗ് എന്നാണ്. അതിൻ്റെ അർത്ഥം മുസ്‌ലിം കൂട്ടായ്മ എന്നാണ്. ലീഗ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ പോലും ഇതര മതസ്ഥരില്ല. സമുദായത്തിന്റെ ദുഖമാണ് പറയുന്നത്. കരയുന്ന കുഞ്ഞിനെ പാലുള്ളു. കരഞ്ഞതു കൊണ്ട് പ്രാധാന്യം കിട്ടി. നമ്മളെ സഹായിക്കുന്നവരെ നമ്മൾ ഇഷ്ടപെടണം.
എൽഡിഎഫ് ഗവൺമെന്റ് ആയതു കൊണ്ടാണ് സാമൂഹിക പെൻഷൻ വിതരണം ചെയ്തതെന്നും അത് അടിസ്ഥാന വർഗത്തിനാണ് ലഭിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി നൽകുന്ന പിന്തുണയ്ക്ക് നന്ദി എന്നായിരുന്നു മന്ത്രി സജി ചെറിയാൻ്റെ മറുപടി.