'രാഷ്ട്രീയ വിമർശനത്തെ വളച്ചൊടിച്ചു'; വർഗീയ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് പി. ഹരീന്ദ്രൻ

എൽഡിഎഫ് സർക്കാരല്ല അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഒരു കാരണവശാലും പാലത്തായി കേസ് ഇന്നെവിടെയും എത്തുമായിരുന്നില്ലെന്നും പി. ഹരീന്ദ്രൻ അവകാശപ്പെടുന്നു.

Update: 2025-11-23 15:35 GMT

കണ്ണൂർ: പാലത്തായി കേസിൽ പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടതെന്ന വർഗീയ പരാമർശത്തിൽ വിശദീകരണവുമായി സിപിഎം നേതാവ് പി. ഹരീന്ദ്രൻ. മുസ്‌ലിം ലീഗിനെയും എസ്ഡിപിഐ- ജമാഅത്ത് കൂട്ടുകെട്ടിനേയും രാഷ്ട്രീയമായി വിമർശിച്ചതിനെ വളച്ചൊടിച്ചെന്ന് ഹരീന്ദ്രൻ വീഡിയോ സന്ദേശത്തിൽ പറയുന്നു. മുസ്‌ലിം ലീഗിനെയും വർഗീയ സംഘടനകളെയും ശക്തമായി എതിർത്താൽ അത് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്ന ഏർപ്പാട് മതിയാക്കണം. പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ പ്രകടമാകുന്നത് എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണെന്നും എൽഡിഎഫ് സർക്കാരല്ല അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഒരു കാരണവശാലും ഈ കേസ് ഇന്നെവിടെയും എത്തുമായിരുന്നില്ലെന്നും പി. ഹരീന്ദ്രൻ അവകാശപ്പെടുന്നു.

Advertising
Advertising

വിഷയത്തെ സിപിഎമ്മിനെതിരെ തിരിച്ചുവിടാൻ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പ്രചാരണം നടത്തിയപ്പോൾ വിമർശിച്ചു. ഈ മേഖലയിൽ ആദ്യമായുണ്ടാകുന്ന പീഡനമല്ല പാലത്തായിയിലേത്. ഇതിനു മുമ്പും ഒരേ സമുദായത്തിൽപ്പെട്ട ഇരയും വേട്ടക്കാരനും ഉണ്ടായിട്ടുണ്ട്. അതിലൊന്നും മുസ്‌ലിം ലീഗോ എസ്ഡിപിഐയോ ജമാഅത്തെ ഇസ്‌ലാമിയോ പ്രതിഷേധിക്കാനോ ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ അന്വേഷണം നടപടികൾ മുന്നോട്ടുകൊണ്ടുപോകണം എന്നാവശ്യപ്പെടാനോ തയാറായില്ല. മറിച്ച് അത്തരം സംഭവങ്ങൾ ഒതുക്കിത്തീർക്കാൻ ശ്രമിച്ചവരാണ് ഈ മേഖലയിലെ മുസ്‌ലിം ലീഗിന്റെയും എസ്ഡിപിഐയുടെയും ജമാഅത്തിന്റേയും നേതൃത്വത്തിലുള്ളവരെന്നും പി. ഹരീന്ദ്രൻ പറയുന്നു. പാലത്തായി കേസ് സവിശേഷ രീതിയിൽ ഇവർ കൈകാര്യം ചെയ്തത് അവരുടെ വർഗീയ താത്പര്യത്തോടെയാണെന്ന പരാമർശമാണ് താൻ നടത്തിയത്. അത് മതപരമായ വിദ്വേഷം വളർത്തുന്ന പരാമർശമാണെന്നത് ദുർവ്യാഖ്യാനമാണെന്നും പി. ഹരീന്ദ്രൻ വീഡിയോയിൽ അവകാശപ്പെടുന്നു.

പി. ഹരീന്ദ്രന്റെ വിശദീകരണത്തിന്റെ പൂർണരൂപം

മുസ്‌ലിം ലീഗിനെയും എസ്ഡിപിഐ- ജമാഅത്ത് കൂട്ടുകെട്ടിനേയും രാഷ്ട്രീയമായി വിമർശിച്ചതിനെ വളച്ചൊടിച്ചു. ഇത് കുറേക്കാലമായി ചെയ്തുകൊണ്ടിരിക്കുന്ന ഏർപ്പാടാണ്. മുസ്‌ലിം ലീഗിനെയും എസ്ഡിപിഐ, ജമാഅത്ത് ഉൾപ്പെടെയുള്ള വർഗീയ സംഘടനകളെയും ശക്തമായി എതിർത്താൽ അത് മുസ്‌ലിം സമുദായത്തെ ആക്ഷേപിക്കുന്നതായി വ്യാഖ്യാനിക്കുന്ന ഈ ഏർപ്പാട് മതിയാക്കണം. പാലത്തായി പീഡനക്കേസിൽ പത്മരാജൻ എന്ന പ്രതി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയാണ് പ്രകടമായിട്ടുള്ളത്. എൽഡിഎഫ് സർക്കാർ അല്ല അധികാരത്തിൽ ഉണ്ടായിരുന്നതെങ്കിൽ ഒരു കാരണവശാലും പാലത്തായി കേസ് ഇന്നെവിടെയും എത്തുമായിരുന്നില്ല.

എന്നാൽ ഈ വിഷയത്തെ സിപിഎമ്മിനെതിരെ തിരിച്ചുവിടാൻ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ പ്രചാരണം നടത്തിയപ്പോൾ സ്വാഭാവികമായി ശക്തമായ വിമർശനമുന്നയിച്ചിട്ടുണ്ട്. ഈ മേഖലയിൽ ആദ്യമായുണ്ടാകുന്ന പീഡനമല്ല പാലത്തായിയിലേത്. ഇതിനു മുമ്പും ഒരേ സമുദായത്തിൽപ്പെട്ട ഇരയും വേട്ടക്കാരനും ഉണ്ടായിട്ടുണ്ട്. ആ സംഭവത്തിലൊന്നും മുസ്‌ലിം ലീഗോ എസ്ഡിപിഐയോ ജമാഅത്തെ ഇസ്‌ലാമിയോ ഒരു തരത്തിലും അതിൽ പ്രതിഷേധിക്കാനോ ശിക്ഷ ഉറപ്പാക്കുന്ന രീതിയിൽ അന്വേഷണം നടപടികൾ മുന്നോട്ടുകൊണ്ടുപോകണം എന്നാവശ്യപ്പെടാനോ തയാറായില്ല. മറിച്ച് അത്തരം സംഭവങ്ങൾ ഒതുക്കിത്തീർക്കാൻ ശ്രമിച്ചവരാണ് ഈ മേഖലയിലെ മുസ്‌ലിം ലീഗിന്റെയും എസ്ഡിപിഐയുടെയും ജമാഅത്തിന്റേയും നേതൃത്വത്തിലുള്ളവരെന്ന് ഈ നാട്ടുകാർക്കറിയാം.

പാലത്തായി കേസ് സവിശേഷമായ രീതിയിൽ ഇവർ കൈകാര്യം ചെയ്തത് അവരുടെ വർഗീയ താത്പര്യത്തോടെയാണെന്ന പരാമർശമാണ് ഞാൻ നടത്തിയിട്ടുള്ളത്. ഞാൻ എന്തോ മതപരമായ വിദ്വേഷം വളർത്തി പ്രസ്തുത പരാമർശം നടത്തിയെന്നത് നിങ്ങളുടെ ദുർവ്യാഖ്യാനമാണ്. ആർഎസ്എസുമായും ബിജെപിയുമായും നിരന്തരം സഖ്യമുണ്ടാക്കിയിട്ടുള്ളത് മുസ്‌ലിം ലീഗും അതുപോലുള്ള ശക്തികളുമാണ്, സിപിഎമ്മല്ല. പാനൂർ പഞ്ചായത്തിലാണ് പാലത്തായി ഉൾക്കൊള്ളുന്നത്. നേരത്തെ പാനൂർ പഞ്ചായത്തിൽ കെ.എം സൂപ്പിയെന്ന ലീഗ് നേതാവ് പ്രസിഡന്റും ബിജെപി നേതാവ് നാണു മാസ്റ്റർ വൈസ് പ്രസിഡന്റുമായി ഭരണസമിതിയുണ്ടാക്കിയിട്ട്, കോൺഗ്രസ്- ലീഗ്- ബിജെപി സഖ്യമമെന്ന രീതിയിൽ കോ-ലി-ബി സഖ്യം രാജ്യവ്യാപകമായി വളർത്തിയെടുക്കണമെന്ന് പ്രഖ്യാപിച്ചവരാണ് നിങ്ങൾ. അതിനാൽ ബിജെപിയുമായി സിപിഎമ്മിനെയും ഹരീന്ദ്രനേയും ബന്ധപ്പെടുത്തി ദുർവ്യാഖ്യാനം നടത്തിയാൽ പാനൂരിന്റെ ചരിത്രമറിയുന്ന ആരും വിശ്വസിക്കില്ല.


Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News