'ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം'; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവും മുൻ പ്രസിഡന്റ് കെ.പി ശശികലയുമാണ് പി. ഹരീന്ദ്രനെ പിന്തുണച്ച് രംഗത്തെത്തിയത്.
കോഴിക്കോട്: കണ്ണൂർ പാലത്തായി പോക്സോ കേസിൽ പ്രതി ഹിന്ദു ആയതുകൊണ്ടാണ് മുസ്‌ലിം ലീഗും എസ്ഡിപിഐയും ഇടപെട്ടതെന്ന വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് ഹിന്ദു ഐക്യവേദി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവും മുൻ പ്രസിഡന്റ് കെ.പി ശശികലയുമാണ് വർഗീയ പരാമർശം നടത്തിയ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റംഗം പി. ഹരീന്ദ്രനെ പിന്തുണച്ച് രംഗത്തെത്തിയത്.
'ഓരോ ഹിന്ദു സഖാവും ഈ ചോദ്യം ഉറക്കെ ചോദിക്കണം' എന്നാണ് ആർ.വി ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എത്ര നാൾ അടക്കിവെക്കാം, ഒരു നാൾ സത്യം പുറത്തുവരും, എല്ലാവരേയും എല്ലാ കാലത്തേക്കും മണ്ടന്മാരാക്കാൻ ഒരു പാർട്ടിക്കും സാധിക്കില്ല- എന്നാണ് കെ.പി ശശികലയുടെ കുറിപ്പ്.
'ഓരോ ഹിന്ദു സഖാവും തിരിച്ചറിയേണ്ട സത്യം'- എന്നാണ് ഹിന്ദുത്വവാദിയും അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് (എഎച്ച്പി) മുൻ നേതാവുമായ പ്രതീഷ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്. കണ്ണൂരിൽ നടന്ന പരിപാടിയിലാണ് സിപിഎം നേതാവ് വിദ്വേഷ പരാമർശം നടത്തിയത്.
പാലത്തായി കേസിൽ പ്രതി ഹിന്ദു ആയതു കൊണ്ടാണ് മുസ്‍ലിം ലീഗും എസ്ഡിപിഐയും പ്രശ്നത്തിൽ ഇടപെട്ടത്. ഉസ്താദുമാർ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളിൽ ലീഗോ എസ്ഡിപിഐയോ ഇടപെടാറുണ്ടോ- എന്നായിരുന്നു ആർഎസ്എസ്- ബിജെപി നേതാവ് കെ. പത്മരാജന്‍ ശിക്ഷിക്കപ്പെട്ട കേസിൽ സിപിഎം നേതാവിൻ്റെ വിവാദ പരാമർശം.
'ഇക്കാലമത്രയും സിപിഎമ്മാണ് കേസ് നടത്തിപ്പുമായി നടന്നത്. കേസിന്റെ നടത്തിപ്പിനോ സാക്ഷി വിസ്താരത്തിനോ ആരുമുണ്ടായിട്ടില്ല. പാലത്തായി പെൺകുട്ടിക്ക് എന്തെങ്കിലും സഹായം നൽകുക എന്നതിന് ഉപരിയായി ഈ കേസിനെ സിപിഎമ്മിന് എതിരായായി തിരിച്ചുവിടുക എന്നാണ് അന്നും ഇന്ന് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്- എന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.
പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷിച്ച പത്മരാജനെ ന്യായീകരിച്ചും പിന്തുണച്ചും ബിജെപി- സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തിയിരുന്നു. 'ഒരു സ്‌കൂളില്‍ മഴ പെയ്യുമ്പോള്‍ കയറിനിന്നാലെങ്കിലും മതി ആ കേസ് വ്യാജമാണെന്നറിയാന്‍' എന്നായിരുന്നു ബിജെപി നേതാവ് ശശികലയുടെ പ്രതികരണം. പത്മരാജന്റെ ഭാര്യ ഒറ്റക്കല്ല, ഞങ്ങളുണ്ട് കൂടെയെന്നും നിരപരാധിയായ പത്മരാജന്‍ ശിക്ഷിക്കപ്പെടുന്നില്ലെന്ന് ഉന്നത നീതിപീഠം ഉറപ്പുവരുത്തുമെന്നും ശശികല ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
സ്വയംസേവകനായത് കൊണ്ട് മാത്രമാണ് പത്മരാജന്‍ മാഷിനെ കള്ളക്കേസില്‍ കുടുക്കി ശിക്ഷിച്ചതെന്നും ഒരു ദിവസം പോലും തടവറയില്‍ കഴിയേണ്ട ആളല്ലെന്നും ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ ന്യായീകരിച്ചിരുന്നു.
ഈ മാസം 15നാണ് പാലത്തായി പീഡനക്കേസിൽ അധ്യാപകനായ ആർഎസ്എസ് നേതാവും ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോട് കുറുങ്ങാട്ട് ഹൗസിൽ കെ. പത്മരാജന് മരണം വരെ ജീവപരന്ത്യം ശിക്ഷ വിധിച്ചത്. പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവ് ഉൾപ്പെടെ 40 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി ശിക്ഷ വിധിച്ചത്.
സംഘ്പരിവാർ അധ്യാപക സംഘടനാ ജില്ലാ നേതാവാണ് പ്രതി പത്മരാജൻ. മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. ഐപിസി 376എബി വകുപ്പ് പ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളോടുള്ള ലൈംഗികാതിക്രമത്തിന് ജീവപര്യന്തവും ലക്ഷം രൂപ പിഴയും പോക്സോ സെക്ഷൻ 5 (എഫ്) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ സെക്ഷൻ 5 (ഐ) പ്രകാരം 20 വർഷം തടവും 50,000 രൂപ പിഴയുമാണ വിധിച്ചത്.