ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ വിമർശിച്ച് കമൻ്റിട്ടതിന് മർദനം; പരിക്കേറ്റ മുൻനേതാവ് ഗുരുതരാവസ്ഥയിൽ
തലക്ക് സാരമായി പരിക്കേറ്റ വിനേഷ് വെന്റിലേറ്ററിൽ തുടരുകയാണ്
പാലക്കാട്: ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയെ ഫേസ്ബുക്കിൽ വിമർശിച്ച് കമന്റിട്ടതിന് ക്രൂരമർദനം നേരിട്ട മുൻ ഡിവൈഎഫ്ഐ നേതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുന്നു. പനയൂർ സ്വദേശി വിനേഷാണ് അബോധാവസ്ഥയിൽ തുടരുന്നത്. പ്രതികളായ ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം അറിയിച്ചു.
ഒക്ടോബ്ർ എട്ടിന് വൈകീട്ടാണ് പാലക്കാട് വാണിയംകുളം പനയൂർ സ്വദേശിയായ വിനേഷിനെ ഡിവൈഎഫ്ഐയുടെ നേതാക്കൾ ചേർന്ന് ക്രൂരമായി ആക്രമിച്ചത്. ഡിവൈഎഫ്ഐ ഷൊർണൂർ ബ്ലോക്ക് സെക്രട്ടറി രാകേഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റിനെ വിമർശിച്ച് കമൻ്റിട്ടതായിരുന്നു മർദനത്തിനു കാരണം. ഇതിൽ പ്രകോപിതരായി ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ഹാരിസ്, കൂനത്തറ മേഖല ഭാരവാഹികളായ സുർജിത്ത്, കിരൺ എന്നിവർ ചേർന്ന് വിനേഷിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ വിനേഷ് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.
ഫേസ്ബുക്കിൽ നിരന്തരം പ്രകോപിപ്പിച്ചതിന്, വിനേഷിനെ ഭീഷണിപ്പെടുത്തുക മാത്രമാണ് ഉദ്ദേശം ഉണ്ടായിരുന്നതെന്നും. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയല്ല മർദ്ദിച്ചതെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. അതേസമയം, ഡിവൈഎഫ്ഐ നേതാക്കളുടെ ആക്രമണം അംഗീകരിക്കാനാവില്ലെന്നും പ്രവർത്തകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും സിപിഐഎം നേതൃത്വം പ്രതികരിച്ചു.
പ്രതികളുമായി തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കും. ആക്രമണത്തിന് നേതൃത്വം നൽകിയെന്ന് സംശയിക്കുന്ന ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി രാകേഷ് ഒളിവിലാണ്.