എസ്എഫ്ഐക്ക് വോട്ട് ചെയ്ത സംഭവം: മണ്ണാർക്കാട് എംഇഎസ് കോളജിലെ കെഎസ്‍യു യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു
അന്വേഷണത്തിന് രണ്ടംഗ കമ്മീഷനെ നിയോഗിച്ചു
പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിലെ കെഎസ്‍യു യൂണിറ്റ് പിരിച്ചു വിട്ടു. ഇന്നലെ നടന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ എസ്എഫ്ഐക്ക് വോട്ട് ചെയ്തിരുന്നു.സംഭവത്തില്‍ അന്വേഷണത്തിന് പാലക്കാട് ജില്ലാ കമ്മിറ്റി രണ്ടംഗ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് തയ്യാറാക്കുമെന്നും കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് നിഖില്‍ കണ്ണാടി പ്രസ്താവനയിലൂടെ അറിയിച്ചു.
തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വോട്ട് ചെയ്ത പ്രവർത്തകർക്കെതിരെ നടപടി എടുക്കുമെന്ന കെഎസ്‍യു സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. യുയുസി, വൈസ് ചെയർമാൻ , ജനറൽ സെക്രട്ടറി എന്നീ ജനറൽ സീറ്റുകളിൽ കെഎസ്‍യു മത്സരിക്കും, ബാക്കി മുഴുവൻ ജനറൽ സീറ്റുകളിലും എംഎസ്എസും മത്സരിക്കാം എന്നാണ് എംഎസ്എസ്-കെഎസ്‍യു സംസ്ഥാന നേതാക്കൾ ഉണ്ടാക്കിയ ധാരണ.ഒരു ജനറൽ സീറ്റിലേക്ക് പോലും കെഎസ്‍യു നോമിനേഷൻ നൽകിയില്ലെന്നും കെഎസ്‍യു സംസ്ഥാന നേതൃത്വം അറിയിച്ചു.
കോളജിൽ മുന്നണി മര്യാദ കെഎസ്‌യു പാലിച്ചില്ലെന്ന് എംഎസ്എഫ് ആരോപിച്ചിരുന്നു.അവസാന നിമിഷം കെഎസ്‌യു എസ്എഫ്ഐയുമായി ചേർന്ന് യൂണിയൻ അട്ടിമറിച്ചു.കെഎസ്‌യു രാഷ്ട്രീയ വ്യഭിചാരമാണ് നടത്തിയതെന്ന് എംഎസ്എഫ് നേതാവ് സഫ്‌വാൻ ആനുമൂളി പറഞ്ഞു.
ജനറൽ ക്യാപ്റ്റൻ സീറ്റ് ഫ്രട്ടേണിറ്റിയും വിജയിച്ചു. ഫ്രറ്റേണിറ്റിയുടെ വോട്ട് വാങ്ങിച്ചാണ് എസ്എഫ്ഐ വിജയിച്ചതെന്നു എംഎസ്എഫ് ആരോപിച്ചു.കെഎസ്‌യുകാർക്ക് രാത്രിയിലും പകലും പല നിലപാടാണെന്നും ശരത്ത് ലാലിനോടും കൃപേഷിനോടും ഷുഹൈബിനോടും സാമാന്യനീതി കാണിക്കണമായിരുന്നുവെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.
കോളജിൽ എസ്എഫ്ഐ- ഫ്രറ്റേണിറ്റി സഖ്യം ഫ്രറ്റേണിറ്റി ജനറൽ ക്യാപ്റ്റൻ സീറ്റ് ഉൾപെടെ മൂന്ന് സീറ്റുകളിൽ വിജയിച്ചു.ജനറൽ സീറ്റുകളിൽ എസ്എഫ്ഐക്ക് ഫ്രറ്റേണിറ്റി വോട്ടു ചെയ്തു.പത്തുവർഷത്തിന് ശേഷമാണ് കോളജിൽ എസ്എഫ്ഐ യൂണിയൻ തിരിച്ചുപിടിച്ചത്.