തളിപ്പറമ്പ് തീപിടിത്തം; അമ്പത് കോടിയുടെ നഷ്ടമെന്ന് നിഗമനം
മൂന്നു മണിക്കൂറോളം നീണ്ട അഗ്നിബാധയിൽ 40 ഉടമകളുടെ സ്ഥാപനങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്
കണ്ണൂർ: തളിപ്പറമ്പ് കെവി കോപ്ലക്സിൽ ഇന്നലെ ഉണ്ടായ തീപിടിത്തത്തിൽ അമ്പത് കോടിയോളം രൂപയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ. 110 കടമുറികളെ തീപിടിത്തം ബാധിച്ചു എന്നാണ് റവന്യൂ അധികൃതരുടെ നിഗമനം. അപകടം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം പരിശോധന നടത്തി. ഇന്ന് വൈകീട്ട് ആർഡിഒ ജില്ല കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകും.
മൂന്നു മണിക്കൂറോളം നീണ്ട അഗ്നിബാധയിൽ 40 ഉടമകളുടെ സ്ഥാപനങ്ങളിലാണ് നാശനഷ്ടം ഉണ്ടായത്. ഫാൻസി, ടെക്സ്റ്റയിൽസ്, വീട്ടുപകരണങ്ങളടക്കമുള്ളവയുടെ വിതരണം നടന്നിരുന്ന കടകൾ എന്നിവ പൂർണമായി നശിച്ചു. ഉടമകളുടെ സാമ്പത്തിക നഷ്ടത്തിനൊപ്പം നിരവധി തൊഴിലാളികളും പെരുവഴിയിലായി.
തീപിടത്തത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കാനുള്ള വിശദമായ നടപടി റവന്യു അധികൃതർ കൈക്കൊള്ളും. സംഭവസ്ഥലത്ത് ഇന്ന് ഫോറൻസിക്, ഇലക്ട്രിക്ക് ഇൻസ്പെക്ടറേറ്റ് അധികൃതർ പരിശോധന നടത്തി. ഉടമകൾക്ക് ഉണ്ടായ നഷ്ടം നികത്താൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ഉച്ചകഴിഞ്ഞ് സ്ഥലം എംഎൽഎ എം.വി ഗോവിന്ദൻ്റെ അധ്യക്ഷതയിൽ തളിപ്പറമ്പിൽ ബന്ധപ്പെട്ടവരുടെ യോഗം ചേരുന്നുണ്ട്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് ബസ്റ്റാൻ്റിന് സമീപത്തുള്ള ഷാലിമാർ ബിൽഡിങ്ങിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്കീട്ടാണ് കാരണമെന്നാണ് നിഗമനം. ശ്രദ്ധയിൽപ്പെട്ട ഉടനെ ആളുകൾ സമീപത്തുനിന്നും മാറിയതിനാൽ ആളപായം ഉണ്ടായില്ല.