വഖഫ് ഭേദ​ഗതി ബിൽ: കോഴിക്കോട് വിമാനത്താവളം ഉപരോധിക്കുമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റും എസ്ഐഒയും

വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ വംശീയ ഉന്മൂലനനീക്കത്തിന്റെ തുടർച്ചയാണ്.

Update: 2025-04-04 11:35 GMT
Advertising

കോഴിക്കോട്: മുസ്‌ലിം വംശഹത്യക്ക് കളമൊരുക്കുന്ന വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക എന്ന ആവശ്യമുന്നയിച്ച് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, എസ്ഐഒ സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും. ഏപ്രിൽ ഒമ്പത് വൈകിട്ട് മൂന്ന് മുതലാണ് ഉപരോധമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ്‌ മമ്പാടും എസ്ഐഒ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. വിവിധ സാമൂഹിക- രാഷ്ട്രീയ- സംഘടനാ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും.

വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ വംശീയ ഉന്മൂലനനീക്കത്തിന്റെ തുടർച്ചയാണ്. അതിനാൽതന്നെ മുസ്‌ലിം സമുദായത്തിന്റെ അസ്തിത്വത്തെ തന്നെ തകർക്കുന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് സോളിഡാരിറ്റിയും എസ്ഐഒയും നേതൃത്വം നൽകുമെന്ന് ഇരുവരും പറഞ്ഞു. 

മുസ്‌ലിം സമുദായം സ്വന്തം വിയർപ്പിൽനിന്ന് നൽകി വളർത്തിയ ഇന്ത്യയിലെ സ്വത്തുക്കൾ അന്യായമായി കൈയേറാനുള്ള ആർഎസ്എസ് നീക്കമാണ് നിയമനിർമാണത്തിലൂടെ നടക്കുന്നത്. പൗരത്വ ഭേദഗതി നിയമം, മുത്വലാഖ് നിയമം, ഏക സിവിൽ കോഡ് തുടങ്ങി മുസ്‌ലിം സമുദായത്തെ ഉന്നംവച്ച് അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളുടെ തുടർച്ചയാണ് വഖഫ് ഭേദഗതി ബിൽ എന്നതിൽ ഒരു സംശയവുമില്ല.

മുസ്‌ലിം സമുദായത്തിന്റെ ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള വംശീയ ഭരണകൂടത്തിന്റെ കൈയേറ്റത്തെ ജനാധിപത്യ രീതിയിൽ എല്ലാ പ്രക്ഷോഭ സാധ്യതകളേയും ഉപയോഗപ്പെടുത്തി ചെറുത്തു തോൽപ്പിക്കും. ജനാധിപത്യ സംവിധാനങ്ങൾ വംശീയ അജണ്ട നടപ്പാക്കാനുള്ള ഭരണകൂട ഉപകരണങ്ങളാകുമ്പോൾ നീതിക്കു വേണ്ടി തെരുവിൽ പ്രതിരോധം തീർക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News