Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: എറണാകുളം ജില്ലാ കോടതി വളപ്പിലെ സംഘർഷത്തിൽ പൊലീസ് കേസെടുത്തു. അഭിഭാഷകരുടെ പരാതിയിൽ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.
ഇതിനിടെ സ്ഥലത്ത് വീണ്ടും സംഘർഷമുണ്ടായി. ജില്ലാ കോടതി വളപ്പിൽ നിന്നും മഹാരാജാസ് കോളജ് കോമ്പൗണ്ടിലേക്ക് മദ്യകുപ്പിയും കല്ലുമെറിയുന്ന ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.പ്രകോപനമൊന്നുമില്ലാതെയാണ് ആക്രമണമുണ്ടായതെന്ന് വിദ്യാർഥി യൂണിയൻ ചെയർമാൻ അഭിനന്ദ് പറഞ്ഞു.
ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ബാർ കൌൺസിൽ പരിപാടി കഴിഞ്ഞിറങ്ങിയ അഭിഭാഷകരും മഹാരാജാസിലെ വിദ്യാർഥികളും തമ്മിലായിരുന്നു സംഘർഷം. അഭിഭാഷകരുടെ വൈദ്യ പരിശോധന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാർഥികൾ.
ബാർ അസോസിയേഷൻ പരിപാടിക്കിടെ മഹാരാജാസ് കോളജിലെ വിദ്യാർഥികൾ പ്രശ്നം ഉണ്ടാക്കിയെന്നാണ് അഭിഭാഷകരുടെ ആരോപണം. വനിതാ അഭിഭാഷകരെയും അഭിഭാഷകരുടെ കുടുംബാംഗങ്ങളെയും ഉപദ്രവിക്കാൻ ശ്രമിച്ചു. അഭിഭാഷകർ മദ്യപിച്ചിരുന്നില്ല എന്നും ബാർ അസോസിയേഷൻ പ്രതിനിധി പറഞ്ഞു.
കോളജ് ഫെസ്റ്റിന്റെ ഒരുക്കങ്ങൾ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർഥികൾക്കിടയിലേക്ക് അഭിഭാഷകർ വന്ന് പ്രശ്നമുണ്ടാകുകയായിരുന്നുവെന്ന് കോളജ് യൂണിയൻ ചെയർമാൻ അഭിനന്ദ് ആരോപിച്ചു. പെൺകുട്ടികളെ കടന്നുപിടിച്ചു, വിദ്യാർഥികളുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച ശേഷം പുക ഊതി. അഭിഭാഷകളുടെ മെഡിക്കൽ എടുക്കണം എന്നും, നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം കടുപ്പിക്കും എന്നും കോളജ് യൂണിയൻ ചെയർമാൻ അഭിനന്ദ് പറഞ്ഞു.