മാസപ്പടി കേസ്: എസ്എഫ്ഐഒ റിപ്പോര്‍ട്ട് സ്വീകരിച്ച് കോടതി
ടി. വീണ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമന്‍സ് അയക്കും
കൊച്ചി: മാസപ്പടി കേസില്‍ എസ്എഫ്ഐഒ നല്‍കിയ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. തുടര്‍നടപടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണ ഉള്‍പ്പെടെയുളളവര്‍ക്ക് കോടതി സമന്‍സ് അയക്കും.
പ്രഥമ ദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. കേസില്‍ നമ്പറിടുകയാണ് ആദ്യ നടപടി. ശേഷം എസ്എഫ്ഐഒ പ്രതിചേര്‍ത്ത ഒന്നാം പ്രതി സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത മുതല്‍ 11ാം പ്രതി ടി. വീണ ഉള്‍പ്പെടെയുളളവര്‍ക്ക് സമന്‍സ് അയക്കും.
ഇതില്‍ നാല് പ്രതികള്‍ നാല് കമ്പനികളാണ്. അടുത്ത ആഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് കോടതി നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.
മാസപ്പടി കേസില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. എസ്എഫ്ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ പകര്‍പ്പിനായി ഇഡി കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ സമര്‍പ്പിച്ചിരുന്നു. എസ്എഫ്ഐഒയുടെ അഭിപ്രായം ആരാഞ്ഞിട്ടാവും പകർപ്പ് ഇ.ഡിക്ക് കൈമാറുക. കേസിൽ പിഎംഎൽഎ, ഫെമ കുറ്റങ്ങൾ ചുമത്തുന്ന സാഹചര്യമുണ്ടായാൽ സിഎംആർഎൽ കമ്പനിയടക്കം പ്രതിപ്പട്ടികയിലുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് ഇ.ഡിക്ക് കടക്കാൻ കഴിയും.