വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യാത്ത ഭൂമിയുടെ വിൽപ്പന സാധുവാകില്ലേ?; മുനമ്പം കേസിൽ ചോദ്യമുയർത്തി വഖഫ് ട്രൈബ്യൂണൽ

മുനമ്പം ഭൂമി വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല

Update: 2025-04-11 12:28 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

കോഴിക്കോട്: വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്ത ഭൂമിക്കല്ലേ വിൽപ്പന വിലക്ക് ബാധകമെന്ന ചോദ്യമുയർത്തി വഖഫ് ട്രൈബ്യൂണൽ. മുനമ്പത്തെ ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യാത്തതിന്റ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. മുനമ്പത്തെ ഭൂമി സിദ്ധീഖ് സേഠ് ഫാറൂഖ് കോളജിന് വഖഫ് ചെയ്ത് നൽകിയെങ്കിലും വഖഫ് ബോർഡില്‍ രജിസ്റ്റർ ചെയ്തിരുന്നില്ല. 2019ല്‍ വഖഫ് ബോർഡാണ് ഉത്തരവിലൂടെ ഭൂമി വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്യുന്നത്.

രജിസ്റ്റർ ചെയ്യുന്നതിന് മുമ്പത്തെ വിൽപ്പനയ്ക്ക് എന്തെങ്കിലും പ്രശ്നുമുണ്ടോ എന്ന ചോദ്യമാണ് ഇന്ന് ട്രൈബ്യൂണല്‍ ജഡ്ജ് രാജന്‍ തട്ടില്‍ ഉന്നയിച്ചത്. വഖഫ് ഭൂമി വിൽപ്പന പാടില്ല എന്ന നിയമം ബാധകമാവുക ബോർഡില്‍ രജിസ്റ്റർ ചെയ്ത ഭൂമിക്കാണ്. ബോർഡില്‍ രജിസ്റ്റർ ചെയ്യാതിരുന്ന സമയം ഫാറൂഖ് കോളജ് ഭൂമി വിറ്റിട്ടുണ്ടെങ്കില്‍ ആ വിൽപ്പന സാധു ആകില്ലേ എന്ന ചോദ്യമാണ് ട്രൈബ്യൂണല്‍ ഉയർത്തുന്നത്. മുനമ്പത്തെ ഭൂമി വിൽപ്പന നടന്നത് 1988, 1990 വർഷങ്ങളിലായതിനാല്‍ ഈ ചോദ്യത്തിന് വലിയ പ്രാധാന്യമുണ്ട്. രജിസ്റ്റർ ചെയ്യാത്ത ഭൂമിയുടെ വിൽപ്പന സംബന്ധിച്ച നിയമവശങ്ങള്‍ വരും ദിവസങ്ങളില്‍ വഖഫ് ബോർഡ് ട്രൈബ്യൂണലില്‍ അറിയിക്കും.

1988ല്‍ 74 പേർക്കും 1990ല്‍ 151 പേർക്കും ഉള്‍പ്പെടെ ആകെ 225 പേർക്ക് ഭൂമി വിറ്റിരുന്നതായി ഫാറൂഖ് കോളജ് അറിയിച്ചു. ബാക്കി ഭൂമി അളവ് അന്വേഷിച്ച് അറിയിക്കാനും ട്രൈബ്യൂണല്‍ നിർദേശിച്ചു. ഈ മാസം 21ന് കേസിന്റെ വാദം പുനരാരഭിക്കും. അതിനിടെ മുനമ്പത്തെ ഭൂമി വഖഫാണെന്ന് ഫാറൂഖ് കോളജ് സമ്മതിക്കുന്ന സത്യവാങ്മൂലത്തിന്റെ പകർപ്പ് പുറത്തു വന്നു. 1970ല്‍ പറവൂർ സബ്കോടതിയില്‍ ഫാറുഖ് കോളജ് സമർപ്പിച്ച രേഖയാണ് പുറത്തുവന്നത്. ഭൂമി ദാനമായി കിട്ടിയതാണെന്ന് സ്ഥാപനത്തിന്റെ വാദം ഇല്ലാതാക്കുന്നതാണ് ഈ സത്യവാങ്മൂലം.

സത്യവാങ് മൂലത്തിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു. മുനമ്പത്തെ ഭൂമിയെ സംബന്ധിച്ച് 1967 മുതൽ 71 വരെ പറവൂർ സബ്കോടതിയിൽ ഒരു കേസ് നടന്നിരുന്നു. മുനമ്പത്തെ ഭൂമി ചില ആൾക്കാർ കൈയ്യേറിയെന്നും അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ഫാറൂഖ് കോളജ് പറവൂർ കോടതിയെ സമീപിച്ചത്.

ഭൂപരിഷ്കരണ നിയമപ്രകാരം ഈ ഭൂമി സർക്കാർ ഏറ്റെടുക്കണമെന്ന വാദമായിരുന്നു ആ സമയത്ത് ​കുടികിടപ്പുകാരും കൈയേറ്റക്കാരം കോടതിയിൽ ഉന്നയിച്ച വാദം. ഈ വാദം ഖണ്ഡിക്കാൻ വേണ്ടി ഫാറൂഖ് കോളജ് മാനേജ്മെന്റ് കമ്മിറ്റി 1970 ൽ പറവൂർ സബ് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ആ പകർപ്പാണിപ്പോൾ മീഡിയവൺ പുറത്തുവിട്ടത്.

സത്യവാങ്മൂലത്തിന്റെ എട്ടാമത്തെ ഖണ്ഡികയിൽ പറയുന്നതിങ്ങനെയാണ് - ‘അന്യായപ്പട്ടികയിലെ വസ്തു WAKF ആയി വാദിസ്ഥാപനത്തിന് കിട്ടിയിട്ടുള്ളതും തന്മൂലം ടി ആക്ടും അതിലെ മറ്റു വകുപ്പുകളും പട്ടിക വഹകൾക്ക് ബാധകമല്ലാത്തതിനാൽ ടി വക സംഗതികൾക്കു വിപരീതമായി അഫിഡവിറ്റിലെ സകല പ്രസ്താവന​കളെയും നിഷേധിക്കുന്നതും മേൽ പ്രസ്താവിച്ച സംഗതികൾ എല്ലാം സത്യവും ആകുന്നു’.

ഭൂപരിഷ്കരണ നിയമം ഇതിന് ബാധകമല്ലെന്നും, വഖഫായി ലഭിച്ച ഭൂമിയാണെന്നും അങ്ങനെ കൈകാര്യം ചെയ്തു വരുന്നതുമാണെന്നും 1970 ൽ സമ്മതിക്കുകയായിരുന്നു ഫാറൂഖ് കോളേജിന്റെ അന്നത്തെ ജോയിന്റ് സെക്രട്ടറിയായിരുന്ന എം.വി ഹൈദ്രോസ് പറവൂർ സബ് കോടതിയിൽ സത്യവാങ്മൂലത്തിൽ. വഖഫ് ഭൂമിയാണെന്ന സത്യവാങ്മൂലവും തെളിവുകളും പരിഗണിച്ചുകൊണ്ടാണ് പറവൂർ സബ് കോടതി കൈയേറ്റം ഒഴിപ്പിക്കാനും ​ഫാറൂഖ് കോളജിന് കൈവശാവകാശം നൽകാനും അന്ന് ഉത്തരവിട്ടത്.

ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം വഖഫ് ബോർഡിന്റെ അഭിഭാഷകൻ വഖഫ് ട്രൈബ്യൂണലിൽ പരാമർശിച്ചിരുന്നു. എന്നാൽ ഇതിനെക്കുറിച്ച് കൃത്യമായ മറുപടി നൽകാൻ ഫാറൂഖ് കോളേജ് അഭിഭാഷകന് കഴിഞ്ഞില്ല. തനിക്ക് ഇക്കാര്യത്തിൽ വ്യക്തതയില്ലെന്നും രേഖകൾ നോക്കിയിട്ട് പറയാമെന്നായിരുന്നു അഭിഭാഷകൻ മാധ്യമങ്ങളോടും പറഞ്ഞത്.

ഈ രേഖയെ തള്ളിക്കളയാൻ ഫാറൂഖ് കോളജ് അധികൃതരോ, അഭിഭാഷകനോ കോടതിക്ക് അകത്തോ മാധ്യമങ്ങൾക്ക് മുന്നിലോ തയാറായിട്ടില്ല. മുനമ്പത്തെ ഭൂമി ദാനമാണെന്ന് ഫാറൂഖ് കോളജ് ഇപ്പോൾ ഉയർത്തിക്കൊണ്ടിരിക്കുന്ന വാദത്തെ പൊളിക്കുന്ന നിർണായകമായ രേഖയാണ് ഇപ്പോൾ പുറത്തുവന്നത്. അന്ന് വഖഫ് ആണെന്ന് സത്യവാങ്മൂലം നൽകിയതിനെ മറച്ചുവെച്ചാണ് ഇപ്പോൾ ദാനമെന്ന വാദം ഉയർത്തുന്നത്. സ്വഭാവികമായും ​ട്രൈബൂണലിൽ ​​മാനേജ്മെന്റ് അതിൽ വിശദീകരണം നൽകേണ്ടിവരും.

മുനമ്പം വഖഫ് കേസിൽ കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ വാദം തുടരുകയാണ്. മുനമ്പത്തെ ഭൂമി ഏറ്റെടുത്ത വഖഫ് ബോർഡിൻ്റെ ഉത്തരവാകും ഇന്ന് ട്രൈബ്യൂണൽ പരിശോധിക്കുക. ഭൂമി വഖഫാണോ ദാനമാണോ എന്ന് രേഖകളുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വഖഫ് ട്രൈബ്യൂണൽ പരിശോധിക്കും..

Full View
Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News