ഇഡിക്കെതിരെ കൂടുതൽ ആരോപണം; കേസ് ഒതുക്കാൻ ഇഡി പണം ആവശ്യപ്പെട്ടെന്ന് കൊല്ലം സ്വദേശി ജയിംസ് ജോർജ്
2016 ലെ സാമ്പത്തിക ഇടപാട് കേസ് ഒത്തുതീർപ്പാക്കാർ ഇഡിയുടെ ഇടനിലക്കാർ സമീപിച്ചുവെന്നും 2 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ജയിംസ് ജോർജ് വ്യക്തമാക്കി
കൊച്ചി: കേസ് ഒതുക്കാൻ ഇഡി പണം ആവശ്യപ്പെട്ടെന്ന കേസിൽ പുതിയ ആരോപണവുമായി കൊല്ലം കടപ്പാക്കട സ്വദേശി ജയിംസ് ജോർജ്. 2016 ലെ സാമ്പത്തിക ഇടപാട് കേസ് ഒത്തുതീർപ്പാക്കാർ ഇഡിയുടെ ഇടനിലക്കാർ സമീപിച്ചുവെന്നും 2 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ജയിംസ് ജോർജ് വ്യക്തമാക്കി. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേൺ ഗ്രൂപ്പ് സ്ഥാപനത്തിന്റെ ചെയർമാനാണ് ജയിംസ് ജോർജ്.
മോഹനൻ എന്ന ഉദ്യോഗസ്ഥൻ വഴിയാണ് പണം ചോദിച്ചത്. പണം നൽകാൻ വിസമ്മതിച്ചതിനെത്തുടർന്ന് തന്നെയും ഭാര്യയേയും ചോദ്യം ചെയ്യാനെന്ന വ്യാജേന വിളിച്ചുകൊണ്ട് പോയി ഇഡി ഉദ്യോഗസ്ഥർ മോശമായി പെരുമാറി എന്നും ജയിംസ് ആരോപിച്ചു.
നേരത്തെ ഇഡി കേസൊതുക്കാൻ പണം ആവശ്യപ്പെട്ട കേസിൽ ഇഡി ഉദ്യോഗസ്ഥനടക്കം നാലു പേരെ പ്രതി ചേർത്ത് വിജിലൻസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറാണ് കേസിൽ ഒന്നാം പ്രതി.
കേസുമായി ബന്ധപ്പെട്ട് ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് ആർ വാര്യർ എന്നിവരെ വിജിലൻസ് കസ്റ്റഡിയിലെടുത്തു.
പണം തട്ടുന്നതിന് ഇടനിലക്കാർക്ക് വിവരങ്ങൾ കൈമാറുന്നത് ശേഖറാണെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന വിവരം. കേസിലെ മൂന്നാം പ്രതിയായ മുകേഷും ശേഖറും തമ്മിൽ നിരവധി തവണ പണമിടപാടുകൾ നടത്തിയതിനും ഫോണിൽ ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്.
ഇഡി കേസ് ഒതുക്കാൻ കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരി അനീഷിൽ നിന്ന് പണം ആവശ്യപ്പെട്ട കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ചും കേസുകളെക്കുറിച്ചും വിവരങ്ങൾ ലഭിച്ചത്. പ്രതികൾ സ്വർണക്കടത്ത് കേസിലെ പ്രതികളെ അടക്കം സമീപിച്ചതായും വിജിലൻസിന് വിവരം ലഭിച്ചു.
കൈക്കൂലി വാങ്ങിയ കേസിൽ അറസ്റ്റ് ചെയ്ത രഞ്ജിത്തിന്റെ ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ രഞ്ജിത്തിന്റെ പള്ളിമുക്ക് ഓഫീസിലാണ് പരിശോധന നടത്തിയത്. രഞ്ജിത്തിനെ വിജിലൻസ് സംഘം ഇന്നാണ് അറസ്റ്റ് ചെയ്തത്.