ഇത്തിഹാദുൽ ഉലമ കേരള ജനറൽ സെക്രട്ടറി പി.കെ ജമാൽ അന്തരിച്ചു

പ്രമുഖ വാ​ഗ്മിയും എഴുത്തുകാരനുമായിരുന്നു.

Update: 2025-05-17 17:25 GMT
Advertising

കോഴിക്കോട്: പണ്ഡിത സഭയായ ഇത്തിഹാദുൽ ഉലമ കേരള ജനറൽ സെക്രട്ടറി പി.കെ ജമാൽ അന്തരിച്ചു. 1948-ൽ കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിൽ മുഹമ്മദ് കോയ- ഹലീമ എന്നിവരുടെ മകനായാണ് ജനനം. വേങ്ങേരി അൽമദ്റസത്തുൽ ഇസ്ലാമിയയിലും യുപി സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ശേഷം 1962-1969 -ൽ ശാന്തപുരം ഇസ്ലാമിയാ കോളേജിൽ നിന്ന് ബിരുദം നേടി. 1969-1971 കാലത്ത് ആലുവ മേഖലയിൽ ജമാഅത്തെ ഇസ്ലാമിയുടെ മുഴുസമയ പ്രവർത്തകനായി. 1971 മുതൽ 1977 വരെ ചന്ദ്രിക ദിനപത്രം, ആഴ്ചപ്പതിപ്പ് എന്നിവയുടെ പത്രാധിപ സമിതിയിൽ അംഗവും വാരാന്തപ്പതിപ്പ്, വാരിക എന്നിവയുടെ എഡിറ്റർ ഇൻ ചാർജുമായി പ്രവർത്തിച്ചു. 1973 -ൽ വേങ്ങേരിയിൽ ഇസ്ലാമിക് കൾചറൽ സെന്റർ സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. കോഴിക്കോട് പട്ടാളപ്പള്ളി, പന്നിയങ്കര അബ്ദു ബറാമി പള്ളി, കോഴിക്കോട് മസ്ജിദ് ലുഅലുഅ എന്നിവിടങ്ങളിൽ ഖുത്വുബ നിർവഹിച്ചു.

കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിൽ ദീർഘകാലം ഉദ്യോഗസ്ഥനായിരുന്നു. 1992 മുതൽ കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിൽ മലയാളത്തിലെ ഔദ്യോഗിക ഖത്വീബായിരുന്നു. 1977-2002 കാലത്ത് വിവിധ ഘട്ടങ്ങളിൽ കുവൈത്ത് കെഐജി പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 2015-2017 വർഷങ്ങളിൽ കോഴിക്കോട് ഹൈലൈറ്റ് സിറ്റി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യുമൻ കെയർ ഫൗണ്ടേഷനിൽ ലൈഫ് കോച്ച് ആയി പ്രവർത്തിച്ചു. 2018 മുതൽ ഏതാനും വർഷം പെരുമ്പിലാവ് അൻസാർ വിമൻസ് കോളേജിൽ ലൈഫ് സ്‌കിൽ എജ്യുക്കേഷൻ ഡിപ്പാർട്ട്‌മെന്റ് തലവനായി സേവനമനുഷ്ഠി ച്ചിരുന്നു. കുവൈത്ത് ഇസ്ലാം പ്രസന്റേഷൻ കമ്മറ്റി, ഫ്രൈഡേ ഫോറം എന്നിവയുടെ സ്ഥാപകാംഗമാണ്.

ഇത്തിഹാദുൽ ഉലമാ കേരള പ്രവർത്തക സമിതി അംഗം, ജനറൽ സെക്രട്ടറി, ബോധനം പത്രാധിപസമിതി അംഗം, താനൂർ ബസ് സ്റ്റാന്റ് മസ്ജിദ്, മലപ്പുറം മസ്ജിദുൽ ഫത്ഹ് ഖത്വീബ് തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. പ്രബോധനം, മാധ്യമം, ചന്ദ്രിക, കുവൈത്ത് ടൈംസ് തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖനങ്ങളെഴുതിയിരുന്നു. ആത്മ സംസ്‌കരണത്തിന്റെ രാജപാത, ചരിത്രത്തിന്റെ താരാപഥങ്ങളിൽ, നവോത്ഥാന ശിൽപികൾ, ഇസ്‌ലാം: സന്തുലിതമതം എന്നിവയാണ് സ്വതന്ത്ര കൃതികൾ. സ്വർഗം പൂക്കുന്ന കുടുംബം, വസന്തം വിരിയുന്ന വീടകം, കുടുംബം: സ്‌നേഹ സാഗരം എന്നിവ വിവർത്തനങ്ങളാണ്.

സഊദി അറേബ്യ, ഖത്തർ, ഒമാൻ, യുഎഇ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചു. ഭാര്യ: പി.ഇ റുഖിയ, മക്കൾ: പി.കെ സാജിദ്, പി.കെ യാസിർ, പി.കെ ശാകിർ, ഷഹ്നാസ്

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News