തുടരുന്ന പരാതി യുദ്ധം; എ. ജയതിലകിനെതിരായ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് പുതിയ പരാതി
ഡിജിപിക്കാണ് പുതിയ പരാതി ലഭിച്ചത്
തിരുവനന്തപുരം: നിയുക്ത ചീഫ് സെക്രട്ടറിക്കെതിരായ പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. ഡിജിപിക്കാണ് പുതിയ പരാതി ലഭിച്ചത്. എ. ജയതിലകിന് എതിരായ പരാതി കേന്ദ്ര വിജിലൻസ് കമ്മീഷൻ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതിക്കാരന് എതിരെയുള്ള പുതിയ പരാതി. പൊതു ഭരണ വകുപ്പിൽ അഡീഷണൽ സെക്രട്ടറിയായിരുന്ന പരാതിക്കാരൻ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കണം എന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിൽ പറയുന്നു.
പട്ടിക ജാതി വികസന ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് നടത്തി എന്നാണ് ജയതിലക് ഉൾപ്പെടെയുള്ളവർക്കെതിരായ പരാതി.സിവിസിയുടെ അധികാര പരിധിക്ക് പുറത്ത് ആയതിനാലാണ് പരാതി ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. പിഎം അജയ് പദ്ധതിയുടെ കീഴിലുള്ള പണം വ്യാജ പരിശീലന പദ്ധതികള്‍,ബിനാമി സ്ഥാപനങ്ങള്‍,കൃത്രിമ രേഖകള്‍ എന്നിവയിലൂടെ ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. ഇതിന് തെളിവായുള്ള വിവരാവകാശ രേഖയും പരാതിക്കാരന്‍ ഹാജരാക്കിയിരുന്നു.