ഭർതൃ പീഡനം; കണ്ണൂരിൽ യുവതി ജീവനൊടുക്കി
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് 24 കാരിയായ സ്നേഹയെ പായം കേളൻ പീടികയിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
കണ്ണൂർ: കണ്ണൂർ പായം സ്വദേശിനി സ്നേഹയുടെ ആത്മഹത്യയിൽ ഭർത്താവിനും ബന്ധുക്കൾക്കെതിരെ ആരോപണവുമായി കുടുംബം. ഭർത്താവിന്റെയും ഭർതൃ വീട്ടുകാരുടെയും പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പരാതി. ആരോപണം ശരിവെക്കുന്ന ആത്മഹത്യ കുറിപ്പും കണ്ടെത്തി. ഭർത്താവ് ജിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് 24 കാരിയായ സ്നേഹയെ പായം കേളൻ പീടികയിലെ സ്വന്തം വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു തൊട്ടു മുൻപ് ഭർത്താവ് സ്നേഹയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിന്നാലെ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് കുടുംബത്തിന്റെ പരാതി. 2020 ജനുവരി 21 നാണ് കോളിത്തട്ട് സ്വദേശി ജിനീഷുമായി സ്നേഹയുടെ വിവാഹം നടന്നത്.
മാസങ്ങൾക്കുള്ളിൽ സ്ത്രീധനത്തിന്റെ പേരിൽ മാനസികമായും ശാരീരികമായും പീഡനം തുടങ്ങിയിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. പലതവണ പൊലീസിൽ പരാതിപ്പെട്ടങ്കിലും എല്ലാം ഒത്തുതീർപ്പാക്കപ്പെട്ടു. കുഞ്ഞുണ്ടായ ശേഷം കുഞ്ഞിന്റെ നിറത്തെ ചൊല്ലിയും സ്നേഹക്ക് ശാരീരിക പീഡനമേൽക്കേണ്ടി വന്നു. ശാരീരിക പീഡനം സഹിക്കവയ്യാതായതോടെ കഴിഞ്ഞ പതിനഞ്ചാം തീയതി സ്നേഹയെ ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.
സ്നേഹയുടെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവ് ജിനീഷിനെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.