'വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള വേടന്‍റെ കലാവിപ്ലവം തുടരട്ടെ'; പിന്തുണച്ച് ഗീവര്‍ഗീസ് കൂറിലോസ്
മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്
കോട്ടയം: റാപ്പര്‍ വേടന് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. വേടന്‍റെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഗീവര്‍ഗീസ് കൂറിലോസിന്‍റെ കുറിപ്പ്
മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്! വേടന്‍റെ “കറുപ്പിന്‍റെ ” രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്‍റെ നിലപാട്. വേടന്‍റെ “വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള ” കലാവിപ്ലവം തുടരട്ടെ.
അതേസമയം പുലിപ്പല്ല് കൈവശംവച്ച കേസിൽ വേടനെ അറസ്റ്റ് ചെയ്തു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വനം വകുപ്പ് കേസ് എടുത്തത്. തനിക്കിത് സമ്മാനമായി ലഭിച്ചതാണെന്നും യഥാർഥ പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്‍റെ മൊഴി. പുലിപ്പല്ല് നൽകിയ ശ്രീലങ്കൻ പശ്ചാത്തലമുള്ള രഞ്ജിത് കുമ്പിടിയെ കേന്ദ്രീകരിച്ചും വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
9 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് ഹിരൺ ദാസ് മുരളിയെന്ന റാപ്പർ വേടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പെരുമ്പാവൂർ കോടനാട്ടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ വിശദമായ മൊഴി രേഖപ്പെടുത്തി. ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുന്നുണ്ടെന്നും പുലിപ്പല്ല് നൽകിയ രഞ്ജിത് കുമ്പിടിയെ കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നാണ് വേടൻ പറഞ്ഞത്.പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു. വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും വനംമന്ത്രി പറഞ്ഞു.പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ വേടനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനാണ് വനംവകുപ്പിന്‍റെ തീരുമാനം.