ബ്യൂട്ടിപാർലർ ഉടമ ഷീലാസണ്ണിയെ കുടുക്കിയ വ്യാജ ലഹരി കേസ്; കുറ്റസമ്മതം നടത്തി നാരായണദാസ്
കേസിൽ ലിവിയാ ജോസിനെ രണ്ടാം പ്രതിയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി
തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീലാസണ്ണിയെ കുടുക്കിയ വ്യാജ ലഹരി കേസിൽ കുറ്റസമ്മതം നടത്തി പ്രതി നാരായണദാസ്. ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിക്ക് വേണ്ടിയാണ് കുടുക്കിയത്. കുടുംബ, സാമ്പത്തിക തർക്കങ്ങൾ ആണ് നീക്കത്തിന് പിന്നിൽ. വ്യാജ എൽഎസ്ടി സ്റ്റാമ്പ് ഷീല സണ്ണിയുടെ സ്കൂട്ടറിൽ വെച്ചതും ലിവിയ ജോസ് ആണ്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായിരുന്നു ഇവർ. ലിവിയ ജോസ് തന്റെ സുഹൃത്തതായിരുന്നു എന്നും നാരായണദാസ് പറഞ്ഞു.
കേസിൽ ലിവിയാ ജോസിനെ രണ്ടാം പ്രതിയാക്കി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ലഹരി സ്റ്റാംപ് വാങ്ങിയത് ലിവിയ തന്നെയാണ്. ബെംഗളൂരുവിലെ ആഫ്രിക്കക്കാരൻ നൽകിയ സ്റ്റാംപിൽ ലഹരിയില്ല. ഷീല സണ്ണിയുടെ ഇറ്റലി യാത്ര മുടക്കാൻ ലിവിയ പ്ലാൻ ചെയ്ത പദ്ധതിയാണ് ലഹരിക്കേസ്. മരുമകളുടെ സ്വർണവും ഭൂമിയും കടംവീട്ടാൻ ഷീല സണ്ണിയും കുടുംബവും ഉപയോഗിച്ചു. ഇതേചൊല്ലിയുള്ള തർക്കം പകയും വൈരാഗ്യവും ഉണ്ടാക്കി. പോലീസ് അന്വേഷണം ഏറ്റെടുക്കുന്നതിന് തൊട്ടുമുമ്പ് ലിവിയ ദുബായിലേക്ക് കടന്നു. നാരായണ ദാസിന്റെ അറിവോടെയാണ് ലിവിയ രാജ്യം വിട്ടത്.