മംഗളൂരു കുടുപ്പുവിലെ ആൾക്കൂട്ടക്കൊലപാതകം; മരിച്ചത് വയനാട് സ്വദേശിയെന്ന് സൂചന, ആക്രമണത്തിന് പിന്നിൽ സംഘ്പരിവാറെന്ന് സിപിഎം
മൃതദേഹം തിരിച്ചറിയാനായി ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്
കുടുപ്പി: മംഗളൂരു കുടുപ്പുവിലെ ആൾകൂട്ടക്കൊലപാതകത്തില്‍ കൊല്ലപ്പെട്ടത് വയനാട് സ്വദേശിയെന്ന് സൂചന. മൃതദേഹം തിരിച്ചറിയാനായി ബന്ധുക്കള്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബന്ധുക്കള്‍ ഉറപ്പിച്ചാലെ ഔദ്യോഗികമായി സ്ഥിരീകരിക്കൂ. അതേസമയം സംഘ്പരിവാറാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കേസിൽ 15പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭത്ര കല്ലുർത്തി ക്ഷേത്ര മൈതാനത്തിന് സമീപം നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് ആള്‍ക്കൂട്ടക്കൊലപാതകം നടന്നത്. കഴിഞ്ഞ ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. വൈകീട്ട് അഞ്ച് മണിയേടെയാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതും.
ആക്രമണങ്ങളില്‍ 25ലധികം പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. കൈകൾ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തിട്ടുണ്ട്. വടി ഉപയോഗിച്ചും മർദിച്ചിട്ടുണ്ട്. നാട്ടുകാരില്‍ ചിലർ ഇടപെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ മർദനം തുടരുകയായിരുന്നുവെന്നാണ് വിവരം. തലയ്ക്കും ദേഹത്തും ആഴത്തിൽ മുറിവേറ്റതാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്.
സംഭവം നടന്ന കുടുപ്പുവിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഹിന്ദു മൈതാനം എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും മുസ്‌ലിംകളാരും അവിടെ ക്രിക്കറ്റ് കളിക്കാനോ കാണാനോ പോകാറില്ലെന്നും സിപിഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീർ കട്ടിപ്പള്ള പറഞ്ഞതായി മനോരമ ഓണ്‍ലൈനിന്റെ ഇംഗ്ലീഷ് പതിപ്പായ ഓണ്‍ മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികൾക്ക് ബിജെപിയുമായും ബജ്‌റംഗ്ദളുമായും ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു
Watch Video Report