വേടൻ്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്നത് ജാതി കേരളത്തിന്റെ മലീമസമായ മറ്റൊരു അടയാളം: ഫ്രറ്റേണിറ്റി മൂവ്മെൻ്റ്
'അടിച്ചമർത്തപ്പെട്ട ജനതകളുടെ നോവും ആഘോഷവും ജീവിതവും കടന്നുവരുന്ന വേടന്റെ സംഗീത യാത്രയെ ഒരൊറ്റ പോലീസ് നടപടിയുടെ പേരിൽ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്'
തിരുവനന്തപുരം: റാപ്പറും മ്യൂസിക് പ്രൊഡ്യൂസറുമായ വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവ വികാസങ്ങൾ ജാതി കേരളത്തിന്റെ മലീമസമായ മറ്റൊരു അടയാളമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. വേടൻ അറസ്റ്റ് ചെയ്യപ്പെട്ടതും അതിന്റെ മറ്റു നിയമനടപടികളും അതിന്റെ മുറക്ക് തന്നെ നടക്കണം.
എന്നാൽ, വേടന്റെ കഴുത്തിലെ പുലി നഖത്തെ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ തുറങ്കലിലടക്കാൻ ശ്രമിക്കുന്നത് അദ്ദേഹത്തിന് നേരെയുള്ള വംശീയ മുൻവിധിയുടെ ഭാഗമാണ്. ആനക്കൊമ്പ് അങ്ങനെ കണ്ടെടുത്ത കേസ് അവസാനിപ്പിക്കാൻ അധികാരികൾ നടപടികൾ സ്വീകരിക്കുമ്പോഴാണ് ഇപ്പുറത്ത് കഴുത്തിലെ പുലി നഖം കേസ് ആക്കുന്നത്.
കേരളത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി നടന്നുവരുന്ന ലഹരി ഉപഭോഗവുമായും മറ്റും ബന്ധപ്പെട്ടുവരുന്ന വാർത്തകൾ ഏറെ ലജ്ജാകരവും ഗുരുതരവുമാണ്. സമൂഹത്തിന്റെ എല്ലാ തട്ടിലും പരന്നൊഴുകുന്ന ലഹരി വസ്തുക്കൾ ഏറെ ഭീതിതവുമാണ്. അതിന് പിന്നിൽ ആരുതന്നെ പ്രവർത്തിച്ചാലും നിയമപരമായ നടപടികളുണ്ടാകണം. സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളോടൊപ്പം ഭരണകൂട നിഷ്‌ക്രിയത്വവും ലഹരി ഉപഭോഗം വർധിക്കാൻ കാരണമാണ്.
അടിച്ചമർത്തപ്പെട്ട ജനതകളുടെ നോവും ആഘോഷവും ജീവിതവും കടന്നുവരുന്ന വേടന്റെ സംഗീത യാത്രയെ ഒരൊറ്റ പോലീസ് നടപടിയുടെ പേരിൽ ഇല്ലാതാക്കാൻ ശ്രമിക്കുകയാണ് കേരളത്തിലെ ചില മാധ്യമങ്ങൾ. വേടനെതിരെ നടക്കുന്നത് ഒരു പ്രതിയോടോ, ലഹരിയോടോ ഉള്ള എതിർപ്പല്ല, മറിച്ച് വേടന്റെ രാഷ്ട്രീയത്തിൽ വിരളിപൂണ്ടവരുടെ നിലവിളി മാത്രമാണ്. ജാതി കേരളത്തിന്റെ ഈ തെമ്മാടിത്തത്തെ ചെറുത്തുതോൽപ്പിക്കണമെന്നും നഈം ഗഫൂർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.