സഞ്ജയ് ചന്ദ്രശേഖർ മാധ്യമ പുരസ്കാരം ആർ. സുനിലിന്
മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച "അട്ടപ്പാടിയിലെ 1,932 പട്ടയങ്ങളുടെ ഭൂമി എവിടെ', 'അട്ടപ്പാടിയിൽ ഇല്ലാത്ത ഭൂമിക്ക് ആധാരം ചമയ്ക്കുന്നത് ആരാണ്' എന്നീ അന്വേഷണാത്മക റിപ്പോർട്ടുകൾക്കാണ് അവാർഡ്.
കോഴിക്കോട്: മലയാള മനോരമ ചീഫ് റിപ്പോർട്ടറായിരുന്ന സഞ്ജയ് ചന്ദ്രശേഖറിൻറെ സ്മരണാർഥം കോട്ടയം പ്രസ്ക്ലബ് ഏർപ്പെടുത്തിയ മാധ്യമ പുരസ്കാരത്തിന് കോഴിക്കോട് മാധ്യമം ഓൺലൈനിലെ റിപ്പോർട്ടർ ആർ. സുനിൽ അർഹനായി. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച "അട്ടപ്പാടിയിലെ 1,932 പട്ടയങ്ങളുടെ ഭൂമി എവിടെ', 'അട്ടപ്പാടിയിൽ ഇല്ലാത്ത ഭൂമിക്ക് ആധാരം ചമയ്ക്കുന്നത് ആരാണ്' എന്നീ അന്വേഷണാത്മക റിപ്പോർട്ടുകൾക്കാണ് അവാർഡ്.
മാതൃഭൂമി മുൻ ഡെപ്യൂട്ടി എഡിറ്റർ ടി. അരുൺകുമാർ, മലയാള മനോരമ അസിസ്റ്റൻറ് എഡിറ്റർ കെ. മോഹൻലാൽ, ദീപിക ചീഫ് ന്യൂസ് എഡിറ്റർ സി.കെ കുര്യാച്ചൻ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. 25,000 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഭൂമാഫിയ സ്വന്തമാക്കിയ കാടിന് മുന്നിൽ നിസഹായരായി നിൽക്കുന്ന ആദിവാസികളുടെ നേർചിത്രവും ആദിവാസികൾക്ക് ഭൂമി കിട്ടിയത് പേപ്പറിൽ മാത്രമാണെന്ന വസ്തുതയുമാണ് റിപ്പോർട്ടുകളിലൂടെ പുറത്തുവന്നത്. 2023 നവംബർ ഒന്നു മുതൽ 2024 ഒക്ടോബർ 31 വരെ മലയാള പത്രങ്ങളിലും വാരികകളിലും പ്രസിദ്ധീകരിച്ച അന്വേഷണാത്മക റിപ്പോർട്ടുകളാണ് അവാർഡിന് പരിഗണിച്ചത്.