സിപിഎം ദേശീയതലത്തിൽ നാണംകെട്ടെന്ന് കെ. സുധാകരൻ എംപി
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്ലിൻ ഇടപാടിൽ പിണറായി വിജയനെ പാർട്ടി സംരക്ഷിച്ചതിനുള്ള ശിക്ഷയാണ് മാസപ്പടി കേസിലെ കുറ്റപത്രമെന്നും സുധാകരൻ പറഞ്ഞു.
തിരുവനന്തപുരം: അഴിമതി വീരൻ പിണറായി വിജയനെ സംരക്ഷിച്ച പാർട്ടി കോൺഗ്രസിന്റെ നടപടി മൂലം സിപിഎം ദേശീയതലത്തിൽ പോലും ലജ്ജിച്ചു തലതാഴ്ത്തി നിൽക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. പിണറായി സർക്കാരിന്റെ നേട്ടങ്ങൾ രാജ്യം മുഴുവൻ എത്തിക്കാൻ നടത്തിയ പാർട്ടി കോൺഗ്രസ് മുഖ്യമന്ത്രിയുടെ അഴിമതികൾ കേട്ട് തരിച്ചിരിക്കുകയാണ്. പാർട്ടി കോൺഗ്രസിൽ ബോംബ് വീണിട്ടും ആളനക്കമില്ല. ഒരക്ഷരം പോലും എതിർത്തു പറയാൻ നട്ടെല്ലുള്ള ഒരു നേതാവ് പോലും ആ പാർട്ടിയിൽ ഇല്ലാതായി. അഴിമതിയിൽ മുങ്ങിയ സിപിഎമ്മിന്റെ അന്തകനും ആരാച്ചാരുമായി പിണറായി വിജയൻ മാറിയെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു.
പാർട്ടി കോൺഗ്രസിൽ കട്ടൻ ചായയും പരിപ്പുവടയും വരെ പിണറായി വിജയൻ സ്പോൺസർ ചെയ്യുമ്പോൾ ആർക്കാണ് എതിർത്തു പറയാൻ കഴിയുക? സിപിഎമ്മിന്റെ അന്നദാതാവായ പിണറായിക്കുവേണ്ടി പാർട്ടി കോൺഗ്രസ് തിരുവാതിര വരെ കളിക്കും. പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയുമൊക്കെ കൈകൊട്ടി കളിക്കും. പിണറായി വിജയനു മാത്രം പ്രായപരിധിയിൽ ഇളവ് നൽകും. ബാക്കിയുള്ളവരൊക്കെ പോളിറ്റ് ബ്യൂറോയിൽനിന്ന് കടക്കൂ പുറത്ത് എന്ന സ്ഥിതിയാവും.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്ലിൻ ഇടപാടിൽ പിണറായി വിജയനെ പാർട്ടി സംരക്ഷിച്ചതിനുള്ള ശിക്ഷയാണ് മാസപ്പടി കേസിലെ കുറ്റപത്രം. ഒരച്ഛൻ മകളിലൂടെ വരെ അഴിമതി നടത്തുന്നത് കേരളം കാണുന്നതും ഇതാദ്യം. സംഘ്പരിവാറിനെ കൂട്ടുപിടിച്ചുള്ള പിണറായി വിജയന്റെ രാഷ്ട്രീയാഭ്യാസങ്ങൾ സിപിഎം അഖിലന്ത്യാ നേതൃത്വത്തിനും അറിയാം. പക്ഷേ എല്ലാവരും നിസഹായർ. 55 ദിവസം പിന്നിടുന്ന ആശാവർക്കർമാരുടെ സമരം ഒത്തുതീർക്കണമെന്ന് പാർട്ടി കോൺഗ്രസിൽ മുറവിളി ഉയർന്നെങ്കിലും അന്നദാതാവ് അതുപോലും പരിഗണിച്ചില്ല. സിപിഎം നേരിടുന്ന അഗാധമായ പ്രതിസന്ധി പരിഹരിക്കാൻ പാർട്ടി പ്രവർത്തകരെങ്കിലും മുന്നോട്ടു വരണമെന്ന് സുധാകരൻ അഭ്യർഥിച്ചു.