Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസർകോട് മഞ്ചേശ്വരം കോൺഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി. മഞ്ചേശ്വരം ബ്ലോക്കിലുള്ള മഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ മൂന്ന് ഡിവിഷനുകളും ലീഗ് ഏറ്റെടുത്തതിലാണ് പ്രതിഷേധം. നേരത്തെ കോൺഗ്രസ് മത്സരിച്ചിരുന്ന ഡിവിഷനും ഇത്തവണ ലീഗ് ഏറ്റെടുത്തു. സിവിഷൻ നിലനിർത്താൻ കോൺഗ്രസ് നേതൃത്വത്തിനായില്ലെന്ന് ആരോപിച്ചാണ് മണ്ഡലം കമ്മറ്റി ഓഫീസ് പൂട്ടിയത്.
ഹൊസങ്കടിയിലുള്ള മഞ്ചേശ്വരം കോൺഗ്രസ് കമ്മിറ്റി ഓഫീസാണ് പ്രവർത്തകർ അടച്ചുപൂട്ടിയത്. സ്ഥിരമായി കോൺഗ്രസ് മത്സരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന ആവശ്യം പ്രവർത്തകർ ഉന്നയിച്ചിരുന്നു. എന്നാൽ മുന്നണി സമവായത്തിന്റെ ഭാഗമായി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിന് സാധിച്ചില്ല. സീറ്റ് ഏറ്റെടുക്കുന്നതിൽ ഇടപ്പെടുന്നതിൽ കോൺഗ്രസ് നേതാക്കൾ പരാജയപ്പെട്ടുവെന്ന് പ്രാദേശിക നേതാക്കളും പ്രവർത്തകരും ആരോപിച്ചു.
ഈയൊരു സാഹചര്യത്തിലാണ് പാർട്ടിയുടെ കമ്മിറ്റി ഓഫീസ് അടച്ചുപ്പൂട്ടാൻ പ്രാദേശിക നേതാക്കളും പ്രവർത്തകരും തീരുമാനിച്ചത്. ഓഫീസിലുണ്ടായിരുന്ന മുഴുവൻ ഫർണിച്ചറുകളും പ്രവർത്തകർ ഓഫീസിൽ നിന്ന് പുറത്തെത്തിച്ചിട്ടുണ്ട്. സീറ്റ് പ്രശ്നം നേതൃത്വത്തിന് ഇടപെട്ട് പരിഹരിക്കാൻ സാധിക്കുന്നില്ലെങ്കിൽ എന്തിനാണ് ഇത്തരത്തിലൊരു ഓഫീസ് എന്നാണ് പ്രവർത്തകർ ചോദിക്കുന്നത്.