Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രസ്ഥാനാർഥിക്ക് നേരെയുള്ള സിപിഎം ലോക്കൽ സെക്രട്ടറിയുടെ വധഭീഷണിയിൽ പ്രതികരണവുമായി ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. അത്തരമൊരു കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറി വി.ആർ രാമകൃഷ്ണനെയാണ് സിപിഎം ലോക്കൽ സെക്രട്ടറി ജംഷീർ ഭീഷണിപ്പെടുത്തിയത്. സ്ഥാനാർത്ഥിത്വം പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി. സ്വതന്ത്രസ്ഥാനാർഥിയായ രാമകൃഷ്‌ണനോട് മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ജംഷീർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തനിക്ക് പാർട്ടിമായി ബന്ധമില്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണൻ അറിയിച്ചു. ഇതിനെ തുടർന്നാണ് ലോക്കൽ സെക്രട്ടറി വധഭീഷണി മുഴക്കിയത്.
ആറ് വർഷം സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി ആയിരുന്നയാളാണ് വി.ആർ രാമകൃഷ്‌ണൻ. പാർട്ടിയുമായി അകന്ന രാമകൃഷ്ണൻ അടുത്ത കാലത്താണ് പാർട്ടി കമ്മിറ്റികളിൽ നിന്ന് പുറത്തുപോവുന്നത്. ഇത്തവണ സ്വാതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ കൂടെ തീരുമാനിച്ചതോടെ സിപിഎം പാർട്ടി പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് പാർട്ടി തന്നെ രംഗത്ത് വരുന്നത്. എന്നാൽ പിന്മാറില്ല എന്നറിയതോടെയാണ് വധഭീഷണി മുഴക്കിയത്.