Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കോഴിക്കോട്: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് സ്ത്രീമരിച്ചതിൽ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധം പലയിടത്തും സംഘർഷത്തിൽ കലാശിച്ചു.
തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കായിരുന്നു യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. മാർച്ചിന് നേരെപൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പാലക്കാട് ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയും പൊലീസ് ലാത്തിവീശി.
കണ്ണൂർ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മട്ടന്നൂരിൽ യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. എറണാകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. അങ്കമാലിയിൽ മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.
വയനാട് ഡിഎംഒ ഓഫിസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചു. യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് വിവിധ ഇടങ്ങളിൽ പ്രതിഷേധിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. കൊല്ലത്ത് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. മന്ത്രി വീണാ ജോർജിന്റെ പത്തനംതിട്ട കൊടുമണിലെ വീട്ടിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച് നടത്തി.