ഇളകിയ കോൺഗ്രീറ്റ് പാളികൾ,ചോർന്നൊലിക്കുന്ന ശുചിമുറികൾ...; കോട്ടയം മെഡി.കോളജിലെ പിജി വിദ്യാർഥികളുടെ ഹോസ്റ്റലിന്റെ അവസ്ഥയും ദയനീയം
അസൗകര്യങ്ങൾക്ക് നടുവിൽ 280 ഓളം വിദ്യാർഥികളാണ് പിജി ഹോസ്റ്റലിൽ താമസിക്കുന്നത്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ പിജി വിദ്യാർഥികളുടെ ഹോസ്റ്റലിന്റെ അവസ്ഥയും ദയനീയം.കാലപ്പഴക്കവും കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് പ്രതിസന്ധിക്ക് കാരണം.അസൗകര്യങ്ങൾക്ക് നടുവിൽ 280 ഓളം വിദ്യാർഥികളാണ് പിജി ഹോസ്റ്റലിൽ താമസിക്കുന്നത്.
നേരത്തെ പുറത്തു വന്ന എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളുടെ ദയനീയവാസ്ഥ ഏറെ ഞെട്ടലുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പിജി വിദ്യാർഥികളും ഹോസ്റ്റലിന്റെ ദുരവസ്ഥ പങ്കുവെച്ചത്. കാലപ്പഴക്കം മൂലം പലയിടത്തും കോൺക്രീറ്റ് സിമൻറ് പാളികൾ ഇളകിയ നിലയിലാണ് .ശുചിമുറികളുടെ ചോർച്ചയും സ്ഥല സൗകര്യമില്ലായ്മയും ദുരിതം ഇരട്ടിയാക്കുന്നു. ഭൂരിഭാഗം മുറികളിൽ രണ്ടുപേർ വീതമാണ് താമസം. നിർമാണത്തിനായി പൊളിച്ച പഴയ ശുചിമുറികളോട് ചേർന്നുള്ള മുറികളിലെ താമസവും ദുരിതമാണ്.
മതിയായ ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതിനാൽ ഭീമമായ ഫീസ് നൽകി നിരവധി പിജി വിദ്യാർഥികൾ ക്യാമ്പസിനു പുറത്ത് താമസിക്കുന്നുണ്ട്. പുതിയ ഹോസ്റ്റൽ നിർമിക്കുകയാണ് പരിഹാര മാർഗം. ഇങ്ങനെ അസൗകര്യങ്ങളുടെ കഥ പറയുന്നതിനിടെ ഒട്ടേറെ ക്വാട്ടേഴ്സ് കെട്ടിടങ്ങൾ ഉപയോഗിക്കാതെ കാട് പിടിച്ച് കിടക്കുന്നതും അനാസ്ഥയുടെ നേർക്കാഴ്ചയാണ്.ഹൗസ് സർജൻസി വിദ്യാർഥികൾക്ക് മാത്രമാണ് മെച്ചപ്പെട്ട ഹോസ്റ്റൽ സൗകര്യമുള്ളത്.