എമ്പുരാനിൽ കേന്ദ്രത്തെ എതിർത്തപ്പോൾ എത്തിയത് എൻഐഎ; സീൻ വെട്ടിയപ്പോൾ നിർമാതാവിനെ തേടിയെത്തിയത് ഇഡി
സംഘപരിവാറിന്‍റെ സൈബർ ആക്രമണങ്ങളെ തുടർന്ന് സിനിമയിൽ നിന്ന് എൻഐഎ എന്ന ഡയലോഗ് നീക്കിയിരുന്നു
കോഴിക്കോട്: എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാറിന്‍റെ സൈബര്‍ ആക്രമണം തുടരുന്നതിനിടെ ചിത്രത്തിന്‍റെ നിര്‍മാതാവും വ്യവസായിയുമായ ഗോകുലം ഗോപാലന്‍റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുകയാണ്. കോഴിക്കോട് , ചെന്നൈ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. കോഴിക്കോട് അരയിടത്ത്പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ഗോകുലം മാളിലുമാണ് പരിശോധന. ചെന്നൈയിൽ കോടമ്പാക്കത്തെ ഓഫീസിലും രാവിലെ മുതൽ റെയ്ഡ് നടക്കുന്നുണ്ട്. ചിട്ടി ഇടപാടിന്‍റെ പേരിൽ ഫെമ നിയമ ലംഘനം നടത്തി എന്ന ആരോപണത്തിലാണ് പരിശോധന. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
ഗോകുലം ഗോപാലന്‍റെ ഓഫീസുകളിൽ ഇഡി റെയ്ഡ് എന്ന വാര്‍ത്ത മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതുമുതൽ അത്ഭുതപ്പെടാനില്ല, ഈ റെയ്ഡ് പ്രതീക്ഷിച്ചിരുന്നതായിരുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാക്കളടക്കമുള്ളവരുടെ പ്രതികരണം. എമ്പുരാനിൽ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെ അറസ്റ്റ് ചെയ്യാൻ ദേശീയ അന്വേഷണ ഏജൻസിയായ എന്‍ഐഎ ഉദ്യോഗസ്ഥരെത്തുന്ന രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഗോകുലം ഓഫീസുകളിലെ ഇഡി റെയ്ഡ്. ചിത്രത്തിൽ തനിക്കെതിരെ ഇഡി റെയ്ഡോ അറസ്റ്റോ ഉണ്ടാകുമെന്ന് തന്‍റെ രാഷ്ട്രീയ അരങ്ങേറ്റ പ്രഖ്യാപനത്തിന് മുൻപ് പ്രിയദര്‍ശിനി പറയുന്നുണ്ട്. തുടര്‍ന്ന് അണികളോട് സംസാരിക്കുമ്പോഴാണ് എൻഐഎ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുന്നതും പ്രിയദര്‍ശിനിയെ അറസ്റ്റ് ചെയ്യുന്നതും.
"അനീതിക്കും അക്രമത്തിനും വർഗീയതക്കും എതിരെ ഉയരുന്ന കൈകളെ അവരിങ്ങനെയാണ് ബന്ധിതമാക്കുന്നത്. പക്ഷെ..... കൈകളെ മാത്രമേ വിലങ്ങണിയിക്കാനവർക്ക് സാധിക്കൂ, ആശയങ്ങളെ തോല്പിക്കാനാവില്ല. ഈ വിലങ്ങുകളെക്കാൾ എത്രയോ ശക്തിയുണ്ട് ഈ നാടിന്‍റെ രാഷ്ട്രീയത്തിനും സംസ്കാരത്തിനും'' എന്നാണ് പിന്നീട് വിലങ്ങണിഞ്ഞ കൈകൾ ഉയര്‍ത്തി പ്രിയദര്‍ശിനി തന്‍റെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറയുന്നത്. ഇഡി റെയ്ഡും സംഘപരിവാര്‍ ആക്രമണവും മുന്നിൽ കണ്ടുകൊണ്ടാണ് തിരക്കഥാകൃത്ത് മുരളി ഗോപി ഇങ്ങനെയൊരു ഡയലോഗ് എഴുതിയതെന്നാണ് സോഷ്യൽമീഡിയയിലെ ചർച്ച. സംവിധായകൻ പൃഥ്വിരാജ് സുകുമാരനുൾപ്പെടെയുള്ളവര്‍ക്ക് നേരെയും ഇഡി റെയ്ഡ് ഉണ്ടാകുമെന്നാണ് സോഷ്യൽമീഡിയ പ്രവചനം. നേരത്തെ പൃഥ്വിരാജിന്‍റെ വിദേശ ബന്ധത്തെക്കുറിച്ച് ദേശീയ ഏജൻസികൾ അന്വേഷിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടിരുന്നു. ഗൾഫ് രാജ്യങ്ങളിൽ 'ആടുജീവിതം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കുടുങ്ങിയപ്പോൾ ഒരു പ്രത്യേക സംഘവുമായി പൃഥ്വിരാജിന് അവിശുദ്ധ ബന്ധമുണ്ടെന്നാണ് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷിന്‍റെ സംശയം. ഇനിയും കുറെ സ്ഥലത്ത് ഇഡി റെയ്ഡുകൾ ഉണ്ടാകുമെന്നായിരുന്നു കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്‍റെ പ്രതികരണം. എമ്പുരാൻ വന്നപ്പോൾ തന്നെ ഇഡി റെയ്ഡ് വരുമെന്ന് മനസിലാക്കണ്ടെയെന്ന് അദ്ദേഹം ചോദിച്ചു.
എമ്പുരാൻ സിനിമ പുറത്തിറങ്ങിയത് മുതൽ സംഘപരിവാര്‍ ചിത്രത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം അഴിച്ചുവിടുകയാണ്. ചിത്രത്തിൽ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘ്പരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചത്. തമിഴിലെ വമ്പൻ പ്രൊഡക്ഷൻ ഹൗസായ ലൈക്ക പിന്‍മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരാൻ ഏറ്റെടുത്തത്. വിവാദമായതോടെ, പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനില്ലെന്നും ഗോപാലൻ വിശദീകരിച്ചിരുന്നു. മോഹൻലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദപ്രകടനം നടത്തുകയും പൃഥ്വിരാജ് പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് ചിത്രത്തിലെ 24 ഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു. റീഎഡിറ്റഡ് പതിപ്പാണ് ഇപ്പോൾ തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്നത്. വില്ലന്‍റെ പേരിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്.