ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു; തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പ്രതികരണം
ഒന്നരക്കോടി പിടിച്ചെടുത്തെന്ന വാർത്ത ശരിയല്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
കൊച്ചി: എമ്പുരാൻ സഹനിർമാതാവ് ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യൽ. 12.40ഓടെയാണ് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യൽ തുടങ്ങിയത്. കഴിഞ്ഞദിവസങ്ങളിൽ ഗോകുലം ഗോപാലന്റെ ചെന്നൈ, കോഴിക്കോട് ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
തുടർന്ന് ഗോകുലം ഗോപാലനെ ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും നോട്ടീസ് അയച്ച് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയത്. ഫെമ ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിൽ വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യൽ.
ഗോകുലം ഗ്രൂപ്പിന്‍റെ ചെന്നൈ ഓഫീസിൽനിന്ന് ഒന്നരക്കോടി രൂപ പിടിച്ചെടുത്തെന്നും ഇഡി അവകാശപ്പെട്ടിരുന്നു. പണത്തിന്റെ ഉറവിടവും സാമ്പത്തിക സ്രോതസുകളും സംബന്ധിച്ച വിവരങ്ങൾ അറിയാനുംകൂടിയാണ് ചോദ്യം ചെയ്യലെന്നാണ് ഇഡി പറയുന്നത്.
എന്നാൽ ആരോപണങ്ങൾ ഗോകുലം ഗോപാലൻ നിഷേധിച്ചു. ഇഡി വിളിപ്പിച്ചത് എന്തിനാണെന്നറിയില്ലെന്നും തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഗോകുലം ഗോപാലൻ പ്രതികരിച്ചു. ഒന്നരക്കോടി പിടിച്ചെടുത്തെന്ന വാർത്ത ശരിയല്ലെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
ഇന്നലെ രാത്രി ഏറെ വൈകിയാണ് ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലെ പരിശോധന ഇഡി അവസാനിപ്പിച്ചത്. വിദേശനാണയ വിനിമയച്ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നറിയാനായിരുന്നു പ്രധാന പരിശോധന. ചില രേഖകൾ ഇതുസംബന്ധിച്ച് ശേഖരിച്ചിട്ടുണ്ടെന്നാണ് ഇഡി വാദം.
2022ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്‍റെ തുടരന്വേഷണമെന്നാണ് ഇഡി വിശദീകരിക്കുന്നത്. എന്നാൽ സമീപകാലത്ത് എത്തിയ ചില നിക്ഷേപങ്ങൾ സംബന്ധിച്ചും ഇത് എമ്പുരാൻ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ടോ എന്നത് സംബന്ധിച്ചുമാണ് ഇഡി അന്വേഷണമെന്നാണ് വിവരം. എമ്പുരാൻ സിനിമാ വിവാദത്തിന് പിന്നാലെയാണ് ഗോകുലം ഗോപാലനെതിരായ കേന്ദ്ര ഏജൻസി നീക്കം.