'കാത്തിരിക്കേണ്ട, സേവനങ്ങളെല്ലാം വേഗത്തില്‍': കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ എല്ലാ പഞ്ചായത്തുകളിലുമെന്ന് എം.ബി രാജേഷ്

300 ചതുരശ്ര മീറ്റര്‍ വരെയുള്ള ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ കെ-സ്മാര്‍ട്ടില്‍ അപേക്ഷിച്ചാലുടന്‍ ലഭിക്കും.

Update: 2025-04-07 14:59 GMT
Editor : rishad | By : Web Desk
Advertising

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് ഏപ്രില്‍ 10 മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പൂര്‍ണ്ണസജ്ജമാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.

എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇതോടെ നിലവില്‍ കെ-സ്മാര്‍ട്ട് വിന്യസിച്ചിട്ടുള്ള 87 മുന്‍സിപ്പാലിറ്റികള്‍ക്കും 6 കോര്‍പറേഷനുകള്‍ക്കുമൊപ്പം 941 ഗ്രാമ പഞ്ചായത്തുകളിലും 152 ബ്ലോക്ക്, 14 ജില്ല പഞ്ചായത്തുകളിലും കെ സ്മാര്‍ട്ട് ലഭ്യമാവും. 

കെ-സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ ഗ്രാമപഞ്ചായത്തുകളില്‍ വിന്യസിക്കുന്നതിന്റെ ഭാഗമായുള്ള പൈലറ്റ് ലോഞ്ച് തിരുവനന്തപുരത്തെ കരകുളം ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിച്ചിരുന്നു.

ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍, വസ്തു നികുതി, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് തുടങ്ങിയ നിരവധി സേവനങ്ങള്‍ ഇ-ഗവേണന്‍സിന്റെയും സ്മാര്‍ട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പ്രവര്‍ത്തനം.  വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാര്‍ട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്ട്രേഷന് അപേക്ഷിക്കാനും പൂര്‍ത്തിയാക്കാനും കഴിയും. 

300 ചതുരശ്ര മീറ്റര്‍ വരെയുള്ള ബില്‍ഡിംഗ് പെര്‍മ്മിറ്റുകള്‍ കെ-സ്മാര്‍ട്ടില്‍ അപേക്ഷിച്ചാലുടന്‍ ലഭിക്കും. ശരാശരി പെര്‍മ്മിറ്റ് ലഭിക്കാനെടുക്കുന്ന സമയം 9 സെക്കന്റാണ്. ലൈസന്‍സ് പുതുക്കല്‍ സെല്‍ഫ് ഡിക്ലറേഷന്റെ അടിസ്ഥാനത്തില്‍ ഒരു മിനുട്ടിനകം ചെയ്യാനാവുന്നതിനുള്ള സൗകര്യം വൈകാതെ കെ സ്മാര്‍ട്ടില്‍ ലഭ്യമാവും. നിലവില്‍ 15 ദിവസങ്ങള്‍ വേണ്ടിവരുന്ന കാര്യമാണിത്. 

കരാറുകാരും സപ്ലൈയര്‍മാരും ബില്ലുകള്‍ മാറിക്കിട്ടാന്‍ പഞ്ചായത്തോ നഗരസഭയോ കയറിയിറങ്ങുന്ന സ്ഥിതിക്കും അവസാനമാകും. കെഫ്റ്റ് (കെ സ്മാര്‍ട്ട് ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍) എന്ന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിലൂടെ ബില്ലുകള്‍ ഓണ്‍ലൈനായി നല്‍കാം. ഒരു മണിക്കൂറിനുള്ളില്‍ കരാറുകാരുടെ അക്കൗണ്ടില്‍ പണമെത്തും.

https://ksmart.lsgkerala.gov.in വെബ്സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും സേവനങ്ങള്‍ വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ് കെ-സ്മാര്‍ട്ട്. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള വിവിധ സോഫ്റ്റുവെയറുകള്‍ക്ക് പകരമായി കെ-സ്മാര്‍ട്ട് വിന്യസിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് ഓരോ അപേക്ഷയും ആരുടെ പരിഗണനയിലാണെന്നും, എത്ര സമയം ഓരോ സീറ്റിലും ഫയല്‍ താമസിക്കുന്നുവെന്നും കൃത്യമായി അറിയാനാവും. അപേക്ഷിക്കാന്‍ മാത്രമല്ല, സര്‍ട്ടിഫിക്കറ്റ് വാങ്ങാനും തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസില്‍ പോകേണ്ടതില്ല. വാട്സ്ആപ്പില്‍ ലഭിക്കും. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News