ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതിൽ കേസെടുത്ത് പൊലീസ്
ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കൽ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.
കൊല്ലം: കോട്ടുകൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതിൽ പൊലീസ് കേസെടുത്തു. ഗാനമാലപിച്ചവരെയും ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളെയും ഉത്സവ കമ്മിറ്റിയേയും പ്രതി ചേർത്താണ് കേസ്. ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്ന് കടയ്ക്കൽ പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു.
ഏപ്രിൽ ആറിന് കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയത്തിനെതിരെ കോട്ടുക്കൽ സ്വദേശി പ്രതിൻരാജിൻ്റെ പരാതിയിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്.
ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസിൽ ഒന്നാം പ്രതി. ക്ഷേത്ര ഉപദേശക സമിതികൾ ക്ഷേത്രത്തിന്റെ ഭരണാധികാരികളായി മാറുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രതികരിച്ചു.
ക്ഷേത്ര ഉപദേശക സമിതി പിരിച്ചുവിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് മീഡിയവണിനോട് പറഞ്ഞു.
എന്നാൽ, ഉത്സവ ഗാനമേളയിൽ ദേശഭക്തി ഗാനം പാടിയത് മാത്രമാണ് ശ്രദ്ധയിൽപ്പെട്ടത് എന്നാണ് ക്ഷേത്ര ഉപദേശക സമിതിയുടെ വിശദീകരണം. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് ദേവസ്വം ബോർഡിനും പൊലീസിലും നൽകിയ പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.