മുനമ്പം ബീച്ചിൽ മയക്കുമരുന്നുമായി ഹോംസ്റ്റേ നടത്തിപ്പുകാരനും കാലടിയിൽ കഞ്ചാവുമായി ഒഡിഷ സ്വദേശിനികളും പിടിയിൽ
പുഞ്ചിരി ജങ്ഷനിലുള്ള സീ- ഹെവൻ എന്ന ഹോം സ്റ്റേയിലാണ് റെയ്ഡ് നടന്നത്.
കൊച്ചി: മുനമ്പം ബീച്ച് റോഡിലെ ഹോംസ്റ്റേയിൽനിന്ന് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. ഹോംസ്റ്റേ നടത്തിപ്പുകാരനായ തൃശൂർ പൊയ്യ കണ്ണാടിവീട്ടിൽ വൈശാഖി (28) നെയാണ് പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് 2.3 ഗ്രാം എംഡിഎംഎ, ഏഴു ഗ്രാം കഞ്ചാവ്, ഒരു ഇ-സിഗരറ്റ് എന്നിവ പിടികൂടി.
പുഞ്ചിരി ജങ്ഷനിലുള്ള സീ- ഹെവൻ എന്ന ഹോം സ്റ്റേയിലാണ് റെയ്ഡ് നടന്നത്. റൂറൽ എസ്പിയുടെ നർകോട്ടിക് സെൽ വിഭാഗവും മുനമ്പം പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്. റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കുറച്ചുദിവസമായി ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് റെയ്ഡ് നടത്തിയത്. പ്രതിയിൽ നിന്ന് 10,220 രൂപയും മയക്കുമരുന്ന് തൂക്കിവിൽക്കാൻ ഉപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു.
നാർക്കോട്ടിക് സെൽ എസ്എ രാജേഷ്, എഎസ്‌ഐ സെബാസ്റ്റ്യൻ, സിപിഒമാരായ മുരുകൻ, രഞ്ജിത്ത്, മനോജ്, റെനീപ്, പ്രശാന്ത്, മുനമ്പം എസ്‌ഐ ഗിൽസ്, എഎസ്‌ഐ സുനീഷ് ലാൽ, വനിതാ പൊലീസ് ക്ഷേമ എന്നിവരാണ് റെയ്ഡ് നടത്തിയത്.
കാലടിയിൽ ഏഴു കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശിനികളും പിടിയിലായി. കണ്ടമാൽ ഉദയഗിരി സ്വർണലത ഡിഗൽ (29), ഗീതാഞ്ജലി ബഹ്‌റ (35) എന്നിവരെയാണ് തിങ്കളാഴ്ച പുലർച്ചെ കാലടിയിൽ വച്ച് പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കാലടി പൊലീസും ചേർന്ന് പിടികൂടിയത്.
കോഴിക്കോട്ടു നിന്നും കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിലായിരുന്നു കഞ്ചാവ് കടത്ത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക അന്വേഷണസംഘം ബസിൽ പരിശോധന നടത്തിയാണ് കഞ്ചാവ് കണ്ടെത്തിയത്. വാനിറ്റി ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഒഡിഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പെരുമ്പാവൂർ എഎസ്പി ശക്തി സിങ് ആര്യ, എസ്‌ഐമാരായ ജോസി എം. ജോൺസൺ, ഒ.എ ഉണ്ണി, ഷാജി, എഎസ്‌ഐ പി.എ അബ്ദുൽ മനാഫ്, ടി.എ അഫ്‌സൽ, വർഗീസ് ടി. വേണാട്ട്, സീനിയർ സിപിഒമാരായ, ബെന്നി ഐസക്, ഷിജോ പോൾ, ആരിഷ അലിയാർ, ജോസ് എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.