സിപിഎം പാർട്ടി കോൺഗ്രസ് തുടരുന്നു; പൊതു ചർച്ചയ്ക്ക് ഇന്ന് പ്രകാശ് കാരാട്ട് മറുപടി നൽകും
വൈകിട്ട് 7 മണിക്ക് മുതിർന്ന നേതാവ് ബി വി രാഘവുലു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും
മധുര: സിപിഎമ്മിന്റെ 24ാം പാർട്ടി കോൺഗ്രസ് തുടരുന്നു.കരട് രാഷ്ട്രീയ പ്രമേയത്തിലും അവലോകനറിപ്പോർട്ടിനും മേലുള്ള പൊതു ചർച്ചക്ക് ഇന്ന്പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് മറുപടി നൽകും.
ദേശീയതലത്തിൽ കോൺഗ്രസുമായിട്ടുള്ള ബന്ധം,വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളും ആയിട്ടുള്ള സഖ്യം, കേരളത്തിലെ സർക്കാരിന്‍റെ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ എത്തിക്കുന്നതിൽ കേന്ദ്ര കമ്മിറ്റിക്ക് ഉണ്ടായ വീഴ്ച അടക്കമുള്ള വിഷയങ്ങൾ പൊതു ചർച്ചയിൽ ഉയർന്നുവന്നിരുന്നു. സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവ കേരളത്തിന്‍റെ പുതുവഴികൾ എന്ന രേഖയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നലെ കെ കെ രാഗേഷ് ഉയർത്തിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പ് വരെ ഇന്‍ഡ്യ കക്ഷികളുമായി സഹകരിച്ചിരുന്ന കോൺഗ്രസ് ഇപ്പോൾ ആ നിലപാടിൽ മാറ്റം വരുത്തി എന്ന വിമർശനം പാർട്ടി കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്‍ഡ്യ മുന്നണിയിലെ ഘടകക്ഷികളുമായി കോൺഗ്രസ് സഹകരിക്കാത്തത് അടക്കമുള്ള വിമർശനങ്ങൾക്കും പ്രകാശ് കാരാട്ട് ഇന്ന് മറുപടി നൽകും.വൈകിട്ട് 7 മണിക്ക് മുതിർന്ന നേതാവ് ബി വി രാഘവുലു സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും..ഗ്രൂപ്പ് ചർച്ചയ്ക്കുശേഷം നാളെ രാവിലെ മുതലാണ് സംഘടനാ റിപ്പോർട്ട് മേലുള്ള പൊതു ചർച്ച നടക്കുന്നത്.