ഇരയുടെ മകനടക്കം മൊഴിമാറ്റി; 'ഹൃദയ വേദനയോടെ' കൊലപാതക കേസിലെ ആറു പ്രതികളെയും വെറുതെ വിട്ട് സുപ്രിംകോടതി

87 സാക്ഷികളുണ്ടായിരുന്നതിൽ 71 പേരും മൊഴിമാറ്റിയതോടെയാണ് പ്രതിസന്ധിയിലായത്. സുപ്രധാന ദൃക്സാക്ഷികളടക്കമുള്ളവർ ഇതിൽ ഉൾപെടും.

Update: 2025-05-11 10:33 GMT
Advertising

ന്യൂഡൽഹി: കൊലപാതക കേസ് പ്രതികളായ ആറുപേരെ കുറ്റവിമുക്തരാക്കി സുപ്രിംകോടതി. ഇരയുടെ മകനടക്കമുള്ള സാക്ഷികൾ മൊഴിമാറ്റിയതിനെ തുടർന്നാണ് നടപടി.

പരിഹരിക്കപ്പെടാത്ത കുറ്റകൃത്യത്തെക്കുറിച്ചോർത്തുള്ള ഹൃദയവേദനയോടെ പ്രതികളെ വെറുതെ വിടുന്നതായി ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. പ്രതികൾക്കെതിരായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിച്ച 2023 സെപ്റ്റംബറിലെ കർണാടക ഹൈകോടതിയുടെ വിധി സുപ്രിംകോടതി റദ്ദാക്കിയത്. വിചാരണ കോടതി നേരത്തെ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു.

87 സാക്ഷികളുണ്ടായിരുന്നതിൽ 71 പേരും മൊഴിമാറ്റിയതോടെയാണ് പ്രതിസന്ധിയിലായത്. സുപ്രധാന ദൃക്സാക്ഷികളടക്കമുള്ളവർ ഇതിൽ ഉൾപെടും. ഇതോടെ പൊലീസിനെയും ഔദ്യോഗിക മൊഴികളിലും മാത്രം ആശ്രയിക്കേണ്ട സ്ഥിതിയിലേക്ക് കോടതിയെത്തി.

വിശ്വസനീയമല്ലാത്ത സാക്ഷിമൊഴികൾ കാരണം കേസ് അവസാനിപ്പിക്കേണ്ടി വന്നതിൽ കോടതി ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ നൽകിയ മൊഴികൾ നിഷേധിക്കാനും അന്വേഷണ സമയത്ത് നടത്തിയ പ്രസ്താവനകളെ തള്ളിപ്പറയാനും സാക്ഷികൾ തയാറായി എന്നത് അസ്വസ്ഥതയുണ്ടാക്കുന്നു. ഇരയുടെ കൊച്ചുകുട്ടിക്കടക്കം തന്റെ പിതാവിന്റെ കൊലയാളിയെ തിരിച്ചറിയാൻ ഈ അവസാന നിമിഷം സാധിക്കുന്നില്ലായെന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു.

ക്രിമിനൽ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ തീർത്തും അവഗണിച്ച് തികഞ്ഞ അനാസ്ഥയോടെയാണ് അന്വേഷണം നടത്തിയതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനെ പരിഹസിക്കുന്ന നിലപാടാണിതെന്നും കോടതി ആരോപിച്ചു.

2011 ഏപ്രിൽ 28നാണ് കേസിനാസ്പദമായ സംഭവം. പരസ്പരം ശത്രുതയിലായിരുന്ന രണ്ട് സഹോദരങ്ങളിൽ ഒരാൾക്കൊപ്പം ജോലി ചെയ്തിരുന്ന രാമകൃഷ്ണൻ ഏതിർ സഹോദരനൊപ്പം ചേർന്നതാണ് പ്രശ്നമായത്. ഇതിന്റെ വിരോധത്തിലാണ് നടക്കാനിറങ്ങിയ രാമകൃഷ്ണനെ ആറംഗ സംഘം കൊലപ്പെടുത്തിയത്.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News