ഓപ്പറേഷൻ സിന്ദൂർ: 'പെൺമക്കളുടെ സിന്ദൂരം തുടച്ചുനീക്കിയ ഭീകരർക്കുള്ള ഉചിതമായ മറുപടി'; പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ

ഈ ഓപറേഷന് സിന്ദൂർ എന്നതിനേക്കാൾ നല്ല പേരില്ലെന്നും ഹിമാൻഷിക്കും ഇതൊരാശ്വാസമാകട്ടെയെന്നും രാമചന്ദ്രന്‍റെ മകള്‍ ആരതി

Update: 2025-05-07 03:28 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി:  പഹൽഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഭീകകരുടെ വെടിയേറ്റ് മരിച്ച  നാവികസേനാ ഓഫീസർ ലഫ്റ്റനന്റ് വിനയ് നർവാളിന്റെ മൃതദേഹത്തിന് സമീപം കണ്ണീരുവറ്റിയിരിക്കുന്ന ഭാര്യ ഹിമാൻഷിയുടെ ചിത്രം  ആരെയും വേദനിപ്പിക്കുന്നതായിരുന്നു. വിവാഹം കഴിഞ്ഞ് ആറാമത്തെ ദിവസമായിരുന്നു ഹിമാന്‍ഷിക്ക് ഭര്‍ത്താവിനെ നഷ്ടമായത്.മധുവിധു ആഘോഷിക്കാനായിരുന്നു ഹിമാന്‍ഷിയും വിനയും ജമ്മുകശ്മീരിലെത്തിയത്.

ഹിമാന്‍ഷിയെ പോലെ സാധാരണക്കാരായ 26 പേരുടെ പങ്കാളികളെയാണ് പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവരുടെയെല്ലാം കണ്ണീരിന് ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്.'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലാണ് ഇന്ത്യയുടെ തിരിച്ചടി.  പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ പങ്കാളികള്‍ക്കുള്ള ആദരമായാണ് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിട്ടതെന്നാണ് വിവരം.

ഭീകരർക്കുള്ള ഉചിതമായ മറുപടിയാണ് ഇന്ത്യ നടത്തിയതെന്ന് പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. പെൺമക്കളുടെ സിന്ദൂരം തുടച്ചുനീക്കിയ ഭീകരർക്കുള്ള ഉചിതമായ മറുപടിയാണെന്നും സർക്കാരിന് നന്ദിയെന്നും കുടുംബങ്ങള്‍ പറഞ്ഞു.

ഈ ഓപറേഷന് സിന്ദൂർ എന്നതിനേക്കാൾ നല്ല പേരില്ലെന്നായിരുന്നു പഹല്‍ഗാമില്‍ കൊല്ലപ്പെട്ട മലയാളിയായ രാമചന്ദ്രന്‍റെ മകള്‍ ആരതി പ്രതികരിച്ചത്. തന്‍റെ അമ്മയെ പോലെ നിരവധി സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരമാണ് ഭീകരാക്രമണത്തിലൂടെ മാഞ്ഞത്. ഇതിലും നല്ലൊരു പേരില്ലെന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് കേട്ടപ്പോള്‍ അമ്മയുടെ മറുപടിയെന്നും  ഹിമാൻഷിക്കും ഇതൊരാശ്വാസമാകട്ടെയെന്നും ആരതി പറഞ്ഞു.

പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. പഹൽഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം. 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലാണ് തിരിച്ചടി. മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം.

പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്ന് വിവരം.

കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തിയത്. നീതി നടപ്പാക്കപ്പെട്ടുവെന്ന് ഇന്ത്യൻ സൈന്യം പ്രതികരിച്ചു. പാകിസ്താൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും സംയമനം പാലിച്ചു.

ആക്രമണം പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചിടങ്ങളിൽ ആക്രമണം നടത്തിയതായാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സ്ഥിരീകരിച്ചത്. 

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News