ഓപ്പറേഷൻ സിന്ദൂർ: സ്വാഗതം ചെയ്ത് പ്രതിപക്ഷം
സൈന്യത്തിനും കേന്ദ്രസർക്കാരിനും പൂർണ പിന്തുണയെന്ന് പ്രതിപക്ഷ പാർട്ടികൾ
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഓപ്പറേഷൻ സിന്ദൂറിനെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്ത് പ്രതിപക്ഷം. സൈന്യത്തിനും കേന്ദ്രസർക്കാരിനും പൂർണ്ണ പിന്തുണയെന്ന് പ്രതിപക്ഷ പാർട്ടികൾ. സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ധീരതയുടെ വിജയമെന്ന് സമാജ് വാദി പാർട്ടിയും, ജയ് ഹിന്ദ് ജയ് ഇന്ത്യ എന്ന് തൃണമൂലും പ്രതികരിച്ചു.
പെഹാൽഗാം ഭീകരാക്രമത്തിന് പിന്നാലെ പാകിസ്താന് തിരിച്ചടി നൽകണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കിയിരുന്നു. ഭീകരതയ്ക്കെതിരായ ഇന്ത്യൻ നടപടിയെ ആവേശത്തോടെയാണ് പ്രതിപക്ഷം സ്വാഗതം ചെയ്യുന്നത്. സൈന്യത്തിന് നിരുപാധികം പിന്തുണയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. നീതി നടപ്പാക്കിയെന്നായിരുന്നു മുൻ പ്രതിരോധ മന്ത്രി എ.കെ ആൻ്റണിയുടെ പ്രതികരണം.
നടപടിയെ സിപിഎം സ്വാഗതം ചെയ്തു. ഭീകരതയെ തുടച്ചുനീക്കാൻ തുടർ നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി ആവശ്യപ്പെട്ടു. ഭീകരതയും വിഘടനവാദവും രാജ്യത്ത് അനുവദിക്കില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആവർത്തിച്ചു. പാകിസ്താനിലെ ഭീകരവാദത്തിന്റെ അടിത്തറ തകർക്കണമെന്ന് AlMIM നേതാവ് അസദുദ്ദീൻ ഉവൈസി എക്‌സിൽ കുറിച്ചു.