ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാക് ഷെല്ലാക്രമണം: മൂന്ന് സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടു
പാക് ഷെല്ലാക്രമണത്തിൽ വീടുകൾ തകരുകയും തീ പിടിക്കുകയും ചെയ്തതായി സൈന്യം
പാക് ഷെല്ലാക്രമണത്തിൽ വീടുകൾ തകരുകയും തീ പിടിക്കുകയും ചെയ്തു. പൂഞ്ചിലെയും രജൗരിയിലെയും നിയന്ത്രണ രേഖയിലുള്ള ഗ്രാമങ്ങളിലാണ് പാകിസ്താന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പാകിസ്താന്‍റെ വെടിവയ്പ്പിലും ഷെല്ലാക്രമണത്തിലും മൂന്ന് നിരപരാധികളായ സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യൻ സൈന്യം അറിയിച്ചു. പൂഞ്ചിലെ കൃഷ്ണ ഘാട്ടി, ഷാപൂർ, മങ്കോട്ട്, രജൗരി ജില്ലയിലെ ലാം, മഞ്ചകോട്ട്, ഗംബീർ ബ്രാഹ്മണ എന്നിവിടങ്ങളിൽ നിന്ന് ഷെല്ലാക്രമണം റിപ്പോർട്ട് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിന്റെ അതിർത്തി ജില്ലകളിലെ സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടതായി അധികൃതര്‍ വ്യക്തമായി.
ഇന്ന് പുലര്‍ച്ചെയാണ് ഇന്ത്യ പാകിസ്താനിലേയും പാക് അധീന കശ്മീരിലേയും ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചത്. ഒമ്പത് പാക് ഭീകരകേന്ദ്രങ്ങൾ ആക്രമിച്ചതായാണ് കരസേന നൽകുന്ന വിവരം. 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിലാണ് തിരിച്ചടി. മിസൈൽ ആക്രമണമാണ് ഇന്ത്യ നടത്തിയത്. കോട്‌ലി, ബഹ്‌വൽപൂർ, മുസാഫറാബാദ്, മുറിഡ്‌കെ എന്നിവിടങ്ങളിലാണ് ആക്രമണം.
പഹൽഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യ തിരിച്ചടിക്കുന്നത്. പാകിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ 5 ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരർക്ക് പരിശീലനം നൽകുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം. ഭീകരസംഘടനകളുടെ കൺട്രോൾ റൂമുകൾ തകർത്തുവെന്ന് വിവരം.
കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തിയത്. നീതി നടപ്പാക്കപ്പെട്ടുവെന്ന് ഇന്ത്യൻ സൈന്യം പ്രതികരിച്ചു. പാകിസ്താൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ലക്ഷ്യങ്ങൾ തെരഞ്ഞെടുക്കുന്നതിലും നടപ്പിലാക്കുന്ന രീതിയിലും സംയമനം പാലിച്ചു.കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണം പാകിസ്താൻ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ചിടങ്ങളിൽ ആക്രമണം നടത്തിയതായാണ് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സ്ഥിരീകരിച്ചത്. ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശമുണ്ടെന്നും മുഴുവൻ രാജ്യവും പാക് സൈന്യത്തിനൊപ്പം ഉണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. രാവിലെ 10ന് പാക് പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
തിരിച്ചടിയെ കുറിച്ച് ഇന്ത്യ മറ്റു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. യുഎസ്, ബ്രിട്ടൻ, സൗദി, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ സൈനിക നടപടിയെക്കുറിച്ച് അറിയിച്ചിട്ടുണ്ട്.