'അടുത്ത ശ്രമത്തിൽ അവൻ ജയിക്കും'; മകൻ പത്താം ക്ലാസിൽ തോറ്റത് കേക്ക് മുറിച്ച് ആഘോഷിച്ച് കുടുംബം
കർണാടക ബഗൽകോട്ടിലെ അഭിഷേക് എന്ന വിദ്യാർഥിയുടെ രക്ഷിതാക്കളാണ് പത്താം ക്ലാസിലെ മകന്റെ തോൽവിക്ക് കേക്ക് മുറിച്ചത്.
വിജയിച്ചവരെ അനുമോദിച്ചുകൊണ്ടുള്ള എ പ്ലസ് ഫ്‌ളക്‌സുകളും സ്വീകരണങ്ങളും അനുമോദനങ്ങളും നമ്മുടെ നാട്ടിൽ സാധാരണയാണ്. എന്നാൽ കർണാടകയിലെ ഒരു വിദ്യാർഥിയുടെ മാതാപിതാക്കൾ കേക്ക് മുറിച്ച് ആഘോഷിച്ചത് മകന്റെ പരാജയമാണ്. അടുത്ത തവണ ജയിക്കാനായി അവനെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ആഘോഷമെന്നാണ് കുടുംബം പറയുന്നത്.
ബഗൽകോട്ടിലെ അഭിഷേക് എന്ന വിദ്യാർഥിയുടെ രക്ഷിതാക്കളാണ് പത്താം ക്ലാസിലെ മകന്റെ തോൽവിക്ക് കേക്ക് മുറിച്ചത്. 625ൽ 200 മാർക്ക് മാത്രമാണ് അഭിഷേകിന് നേടാനായത്. എല്ലാ വിഷയത്തിലും തോറ്റെങ്കിലും മകനെ കുറ്റപ്പെടുത്താതിരുന്ന രക്ഷിതാക്കൾ നന്നായി പഠിക്കാൻ പ്രോത്സാഹനം നൽകുകയായിരുന്നു.
VIDEO | Karnataka: Parents celebrate their son after he fails in Class 10 exam by cutting a cake to boost his morale in Bagalkote. He got 200 marks out of 600, which is 32 percent, below the passing marks. #Karnataka #Bagalkote pic.twitter.com/YJzSBm3Gvq
— Press Trust of India (@PTI_News) May 5, 2025
അഭിഷേകിന്റെ മാതാപിതാക്കളും സഹോദരിയും മുത്തശ്ശിയും അടക്കം കുടുംബാംഗങ്ങളെല്ലാം കേക്ക് മുറിക്കാൻ ഒത്തുകൂടിയിരുന്നു. ''ഞാൻ തോറ്റെങ്കിലും എന്റെ കുടുംബം പിന്തുണച്ചു. ഞാൻ നന്നായി പഠിച്ച് വീണ്ടും പരീക്ഷ എഴുതും, വിജയിക്കും''-അഭിഷേക് പറഞ്ഞു.
കുട്ടിക്കാലത്ത് ഉണ്ടായ ഒരു തീപിടിത്തത്തെ തുടർന്ന് തനിക്ക് ഓർമക്കുറവ് അനുഭവപ്പെടുന്ന പ്രശ്‌നമുണ്ടെന്നും പഠിച്ച കാര്യങ്ങൾ ഓർമിക്കാൻ ബുദ്ധിമുട്ടുള്ളതാണ് പരീക്ഷയിൽ തോൽക്കാൻ കാരണമെന്നും അഭിഷേക് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.