'ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോള്‍ മുർഷിദാബാദിൽ കലാപമുണ്ടായിട്ടില്ല, അക്രമങ്ങളിൽ ഭിന്നിക്കരുത്': മമത ബാനർജി

മുർഷിദബാദിലെ സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്ന മമത ബാനർജി

Update: 2025-05-06 16:40 GMT
Editor : rishad | By : Web Desk
Advertising

കൊല്‍ക്കത്ത: ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോള്‍ കലാപമുണ്ടായിട്ടില്ലെന്നും മുര്‍ഷിദാബാദിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നിങ്ങൾ ഭിന്നിക്കരുതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി.

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ബംഗാളിലെ മുർഷിദബാദില്‍ അക്രമാസക്തമായിരുന്നു. സംഘർഷബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്ന മമത ബാനർജി. കലാപകാരികളെ ചിലർ പുറത്ത് നിന്ന് കൊണ്ട് വന്നതാണെന്ന് ആരോപിച്ച മമത, ബിജെപിയും മതമൗലികവാദികളും പറയുന്നത് കേട്ട് പരസ്പരം ഭിന്നിക്കരുതെന്നും വ്യക്തമാക്കി. 

"ചിലർ പുറത്തു നിന്ന് കലാപകാരികളെ ബംഗാളിലേക്ക് കൊണ്ടുവരുന്നു. അവരാൽ പ്രകോപിതരാകരുത്. ബിജെപിയോ ഏതെങ്കിലും മതമൗലികവാദികളോ പറയുന്നത് കേട്ട് നിങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കരുത്." മുർഷിദാബാദിൽ സർക്കാർ പരിപാടിയിൽ പ്രസംഗിക്കവേ മമത പറഞ്ഞു.

"ബാബരി മസ്ജിദ് പൊളിച്ചുമാറ്റിയപ്പോഴും ഞാൻ കണ്ട ഒരു കാര്യം മുർഷിദാബാദിൽ കലാപങ്ങൾ ഉണ്ടായില്ല എന്നതാണ്." അവർ കൂട്ടിച്ചേർത്തു. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ അക്രമത്തിൽ ഏർപ്പെടരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.

സംഘർഷബാധിത പ്രദേശങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മമത മുർഷിദബാദിൽ എത്തിയത്. ആദ്യ ദിവസത്തെ സന്ദർശനത്തിൽ പൊതുജനങ്ങളോട് സംസാരിക്കവെ, അക്രമത്തിന് ഉത്തരവാദികളായവരെ ബിജെപി സംരക്ഷിക്കുകയാണെന്നും ദുരിതബാധിത കുടുംബങ്ങൾ തന്നെ കാണുന്നത് തടയുകയാണെന്നും മമത ബാനർജി ആരോപിച്ചിരുന്നു.

അതേസമയം വഖഫ് ഭേദഗതി ബില്ലിനെതിരായ പ്രതിഷേധത്തിൽ പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടന്ന സംഘർഷം വർഗീയ കലാപമല്ലെന്ന വസ്‌തുതാന്വേഷണ റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പ്രദേശത്ത് നിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കാൻ, ആസൂത്രിതവും രാഷ്ട്രീയ പ്രേരിതവും പൊലീസ് ഒത്താശയോടും കൂടിയും നടന്ന അക്രമസംഭവങ്ങളാണെന്ന് റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News