രാജസ്ഥാൻ അതിർത്തിയിൽ നാളെയും മറ്റന്നാളും വ്യോമാഭ്യാസം നടത്താനൊരുങ്ങി ഇന്ത്യ

മേഖലയിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചു

Update: 2025-05-06 14:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡൽഹി: പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ. രാജസ്ഥാനിലെ അതിർത്തിയിൽ നാളെയും മറ്റന്നാളുമാണ് വ്യോമാഭ്യാസം നടക്കുക. മേഖലയിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചു.

സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് ആണ് വ്യോമാഭ്യാസം നടത്തുക. ഭീകരവാദത്തിനെതിരായ ഇന്ത്യൻ നടപടികളിൽ ഖത്തർ ഇന്ത്യയ്ക്ക് പൂർണ പിന്തുണ അറിയിച്ചു. ഖത്തർ അമീറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ സംസാരിച്ചു.

അതേസമയം പഹൽഗാം ഭീകരാക്രമണ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീണ്ടും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശിച്ച മോക് ഡ്രിൽ നാളെ നടക്കും. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട് കേന്ദ്രം എന്തുകൊണ്ടെന്ന് അവഗണിച്ചെന്ന വിമർശനമാണ് കോൺഗ്രസ് ഉയർത്തുന്നത്. അതേസമയം ബൈസരൺ വാലിയിൽ നിന്ന് ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ സൈന്യം പിടികൂടി.

അതിർത്തിയിൽ പാകിസ്താൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. തുടർച്ചയായ പന്ത്രണ്ടാം ദിവസവും പാകിസ്താൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു. ബാരാമുള്ള, പൂഞ്ച്, രജൗരി ഉൾപ്പെടെ 8 ഇടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു. ഏപ്രിൽ 19 ലെ ജമ്മുകശ്മീർ യാത്ര പ്രധാനമന്ത്രി റദ്ദാക്കിയിട്ടും ഇന്‍റലിജൻസ് വിവരം കേന്ദ്രം അവഗണിച്ചെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

അതിർത്തി സംസ്ഥാനങ്ങളിലെ മോക്ഡ്രിൽ നടത്തേണ്ട പ്രദേശങ്ങളുടെ പട്ടിക ആഭ്യന്തര മന്ത്രാലയം തയാറാക്കി. മൂന്ന് വിഭാഗമായി തിരിച്ച് 259 ഇടങ്ങളിലാണ് പരിശീലനം നടക്കുക. മെട്രോകൾ, സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ, പോർട്ടുകൾ എന്നിവയ്ക്കാണ് പ്രഥമ പരിഗണന. പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥൻ ലെഫ്റ്റനന്‍റ് വിനയ് നർവാളിൻ്റെ കുടുംബത്തെ രാഹുൽ ഗാന്ധി സന്ദർശിച്ചു. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനൊപ്പമാണ് രാജ്യമെന്നും ഭീകരവാദത്തെ അമർച്ച ചെയ്യാൻ പ്രതിപക്ഷം സർക്കാരിന് പൂർണ പിന്തുണയെന്നും രാഹുൽ ഉറപ്പു നൽകി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News