സുഹാസ് ഷെട്ടി വധം: അക്രമവും വിദ്വേഷപ്രചാരണവും നടത്തിയ സംഘ്പരിവാർ നേതാക്കൾക്കെതിരെ നടപടി ശക്തമാക്കി കർണാടക പൊലീസ്
ഹർത്താലിന് ആഹ്വാനം ചെയ്തവർക്കും സോഷ്യൽ മീഡിയയിൽ വിദ്വേഷപ്രചാരണം നടത്തിയവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മംഗളൂരു: ബജ്‌റംഗ് ദൾ നേതാവായിരുന്ന സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ ദക്ഷിണ കന്നഡയിൽ നടന്ന അക്രമസംഭവങ്ങളിൽ സംഘ്പരിവാർ നേതാക്കൾക്കെതിരെ കർശന നടപടിയുമായി കർണാടക പൊലീസ്. ദക്ഷിണ കന്നഡയിൽ ബന്ദിന് ആഹ്വാനം ചെയ്ത ശരൺ പംപ്‌വെല്ലിനെതിരെ പൊലീസ് കേസെടുത്തു. എജെ ആശുപത്രിക്ക് സമീപം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മേയ് രണ്ടിന് രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ ബന്ദിന് ആഹ്വാനം ചെയ്തത്. വാർത്താസമ്മേളനത്തിൽ പംപ്‌വെൽ നടത്തിയ പരാമർശങ്ങൾ പ്രകോപനപരവും അക്രമത്തിന് പ്രോത്സാഹിപ്പിക്കുന്നതും ആണെന്ന് പൊലീസ് പറഞ്ഞു.
ബിഎൻഎസ് 353 (2), 196 (1) (ബി), 49, 324(2, 4, 5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, ശത്രുത വളർത്തുന്ന പ്രസ്താവന നടത്തൽ, വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് കേസ്. സുഹാസ് ഷെട്ടി വധത്തിന് പിന്നാലെ ദക്ഷിണ കന്നഡയിലുണ്ടായ അതിക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ശരൺ പംപ്‌വെൽ ആണെന്നാണ് പൊലീസ് പറയുന്നത്.
പ്രകോപനപരമായ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിച്ചവർക്ക് എതിരെയും പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്. മേയ് രണ്ടിന് ദക്ഷിണ കന്നഡ പൂർണമായും സ്തംഭിക്കണമെന്നാണ് എസ്. മനീഷ് എന്ന വ്യക്തിയുടെ വാട്‌സ്ആപ്പ് സന്ദേശത്തിൽ പറയുന്നത്. സന്ദേശം പ്രചരിപ്പിച്ച മനീഷിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
അതിനിടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ സുഹാസ് ഷെട്ടിയെ രക്തസാക്ഷിയായി വാഴ്ത്തുന്നതിൽ ബിജെപിയെ കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി. കുറ്റവാളികളെ ബിജെപി മഹത്വവത്കരിക്കുകയാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് മഞ്ജുനാഥ് ഭണ്ഡാരി ആരോപിച്ചു.
ദക്ഷിണ കന്നഡയിൽ ഗുണ്ടാത്തലവൻമാർ കൊല്ലപ്പെട്ടാൽ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. കൊലപാതകം, കൊലപാതകശ്രമം, കവർച്ച തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടവർ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ അവരെ മാലയിട്ട് സ്വീകരിക്കുന്നു. വ്യക്തികൾ തമ്മിലുള്ള തർക്കത്തിലും ഗുണ്ടാസംഘങ്ങൾ തമ്മിലുമുള്ള ഏറ്റുമുട്ടലിലും ആളുകൾ മരിച്ചാൽ അവരെ എന്തിനാണ് ഹിന്ദു നേതാക്കളും ദേശസ്‌നേഹികളുമായി വാഴ്ത്തുന്നതെന്നും ഭണ്ഡാരി ചോദിച്ചു.