'തെളിവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം': ഇഡിയോട് സുപ്രിംകോടതി

ഛത്തീസ്ഗഢ് മദ്യ കുംഭകോണ കേസിലെ പ്രതി അരവിന്ദ് സിങ് സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിരീക്ഷണം.

Update: 2025-05-06 05:46 GMT
Advertising

ന്യൂഡല്‍ഹി: മതിയായ തെളിവുകളില്ലാതെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ ഇഡിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി. നിരവധി കേസുകളില്‍ ഈ പ്രവണത കണ്ടിട്ടുള്ളതായി സുപ്രിംകോടതി പറഞ്ഞു.

ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഏജന്‍സികള്‍ക്ക് കഴിയാത്തത് ആശങ്കാജനകമാണെന്നും ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇഡി രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിരവധി കേസുകളില്‍ ഇതേ രീതി കണ്ടിട്ടുണ്ടെന്നും യാതൊരടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്നും ബെഞ്ച് കുറ്റപ്പെടുത്തി.

തെളിവുകളില്ലാതെയാണ് ഇഡി കേസെടുക്കുന്നതെന്ന കോടതിയുടെ ധാരണ തിരുത്താന്‍ ആവശ്യമായ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു പ്രതികരിച്ചു.

ഛത്തീസ്ഗഢ് മദ്യ കുംഭകോണ കേസിലെ പ്രതി അരവിന്ദ് സിങ് സമര്‍പ്പിച്ച ജാമ്യ ഹരജിയില്‍ വാദം കേള്‍ക്കവെയാണ് കോടതിയുടെ നിരീക്ഷണം. കോടിക്കണക്കിന് രൂപയുടെ മദ്യ കുംഭകോണത്തില്‍ സിങ്ങിന് പങ്കുണ്ടെന്ന് രാജു ആരോപിച്ചിരുന്നു എന്നാല്‍ കോടതിയില്‍ ഈ വാദം തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ഇഡിക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം.

അതേസമയം, ഏജന്‍സിയുടെ മുഖ്യ അഭിഭാഷകനായ രാജു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ തിരക്ക് കൂട്ടരുതെന്നും അന്വേഷണത്തിന്റെ അവസാനഘട്ടത്തില്‍ മാത്രം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്നും ഇഡി സ്ഥാപകദിനത്തില്‍ അന്വേഷണ ഏജന്‍സിയെ ഓര്‍മപ്പെടുത്തിയിരുന്നു. തെളിവുകള്‍ ശേഖരിച്ചതിന് ശേഷം മാത്രം അറസ്റ്റിലേക്ക് നീങ്ങിയാല്‍ മതിയെന്നായിരുന്നു രാജു അന്ന് പറഞ്ഞത്.

ആരോപിക്കപ്പെട്ട കുറ്റവുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രം അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടന്നാല്‍ മതി. അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ അറസ്റ്റ് ചെയ്യുന്നത് നിയമത്തിനു മുമ്പില്‍ പ്രതിക്ക് ഇളവുകള്‍ ലഭിക്കാന്‍ കാരണമാകുമെന്നും തെളിവുകളും മൊഴികളും ശേഖരിക്കുന്നതാണ് അറസ്റ്റിനേക്കാള്‍ എളുപ്പമെന്നും രാജു പറഞ്ഞിരുന്നു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News