പൊലീസ് വാഹനം കത്തിച്ചു, ട്രെയിനിന് നേരെ കല്ലേറ്; ബംഗാളിൽ വഖഫ് നിയമത്തിനെതിരായ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം
അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദേശം നല്‍കി ഗവര്‍ണര്‍ ആനന്ദ് ബോസ്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ വഖഫ് നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധം അക്രമാസക്തമായി. ജംഗിപൂരിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധറാലിയാണ് അക്രമത്തിലേക്ക് എത്തിയത്. പ്രതിഷേധക്കാർ ട്രെയിൻ സർവീസുകൾ തടസ്സപ്പെടുത്തുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തു.
പൊലീസ് വാഹനങ്ങളും പാസഞ്ചർ ബസുകളും കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാർ ട്രാക്കുകൾ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുകയും അഞ്ചെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. അതേസമയം ട്രെയിനുകള്‍ക്ക് നേരെ കല്ലേറ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുതിയിലും സംസർഗഞ്ചിലും പ്രതിഷേധക്കാർ ദേശീയപാത ഉപരോധിച്ചതിനെ തുര്‍ന്ന് വാഹന ഗതാഗതം തടസപ്പെട്ടു.
തൃണമൂൽ കോൺഗ്രസിന്റെ ഒരു പ്രാദേശിക ഓഫീസ് പ്രക്ഷോഭകർ അടിച്ചു തകർത്തതായും പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ അർദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്.
അതേസമയം ജാംഗിപൂരിലെ സുതി, സംസർഗഞ്ച് പ്രദേശങ്ങളിലെ സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും ദേശീയപാതയിലെ ഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങിയെന്നും എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ബംഗാള്‍ പൊലീസ് വ്യക്തമാക്കുന്നു. "അക്രമികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും''- പൊലീസ് അറിക്കുന്നു.
പ്രതിഷേധക്കാരുടെ ആശങ്കകൾ അകറ്റുന്നതിനും സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കാനും മുഖ്യമന്ത്രി മമത ബാനർജി പ്രതിഷേധ രംഗത്തുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ട്. 2025 ലെ വഖഫ് (ഭേദഗതി) നിയമത്തിനെതിരെ മുർഷിദാബാദില്‍ മുമ്പ് നടന്ന പ്രതിഷേധ റാലിയും അക്രമത്തിലേക്ക് നയിച്ചിരുന്നു. ഇതിനിടെ അക്രമ സംഭവങ്ങളില്‍ ഇടപെട്ട ഗവർണർ സിവി ആനന്ദ ബോസ്, അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.