ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി: സുപ്രിംകോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹരജി നൽകാൻ കേന്ദ്രം
സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്‍റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് സർക്കാരിന്റെ വാദം
ന്യൂ ഡൽഹി: ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രിംകോടതി ഉത്തരവിൽ പുനഃപരിശോധന ഹരജി നൽകാൻ കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉടൻ സുപ്രീംകോടതിയിൽ പുനഃ പരിശോധന ഹരജി നൽകും. പരമാവധി മൂന്ന് മാസമാണ് ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സുപ്രിംകോടതി അനുവദിച്ചത്.
സമയപരിധി നിശ്ചയിച്ചത് പുനപരിശോധിക്കണമെന്നും കേന്ദ്രത്തിന്‍റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നുമാണ് സർക്കാരിന്റെ വാദം. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബഞ്ചിന് മുൻപാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി നൽകുക.
രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി ബില്ലിന് അനുമതി നിഷേധിച്ചാൽ സംസ്ഥാന സർക്കാരിന് സുപ്രിംകോടതിയിൽ ചോദ്യംചെയ്യാമെന്നും കോടതി ഉത്തരവിട്ടു. സുപ്രീം കോടതി ഉത്തരവിനെതിരെ തുറന്നടിച്ച് കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും ഇന്നലെ രംഗത്തെത്തിയിരുന്നു. രണ്ട് ജഡ്ജിമാർ ഇരുന്ന് ഭരണഘടന തിരുത്തുകയാണെങ്കിൽ പിന്നെ പാർലമെൻറ് എന്തിനെനന്നായിരുന്നു ഗവർണറുടെ വിമർശനം.