ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം
അനുമതിയില്ലാതെയാണ് ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയതെന്ന് എസ്പി സഞ്ജീവ് കുമാർ സിൻഹ പറഞ്ഞു.
ഭോപ്പാൽ: ഹനുമാൻ ജയന്തി ഘോഷയാത്രക്കിടെ മധ്യപ്രദേശിലെ ഗുണയിൽ സംഘർഷം. ബിജെപി കൗൺസിലറായ ഓംപ്രകാശ് കുശ്വാഹയുടെ നേതൃത്വത്തിൽ നടന്ന ഘോഷയാത്രക്കിടെയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ഘോഷയാത്ര ഗുണയിലെ പള്ളിക്ക് മുന്നിൽ നിർത്തി ഉച്ചത്തിൽ ഡിജെ മ്യൂസിക്ക് വെച്ചത് പള്ളിയിലുള്ളവർ ചോദ്യം ചെയ്തതാണ് സംഘർഷത്തിൽ കലാശിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
ഇരുവിഭാഗവും തമ്മിലുള്ള വാക്കുതർക്കം സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ഇരുവിഭാഗവും പരസ്പരം കല്ലേറ് നടത്തി. പള്ളിയിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ റോഡ് ഉപരോധിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസ് ഒമ്പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അനുമതിയില്ലാതെയാണ് ഹനുമാൻ ജയന്തി ഘോഷയാത്ര നടത്തിയതെന്ന് എസ്പി സഞ്ജീവ് കുമാർ സിൻഹ പറഞ്ഞു. ഘോഷയാത്ര പള്ളിക്ക് മുന്നിലെത്തിയപ്പോൾ അവിടെ നിർത്തി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞിട്ടുണ്ട്. ഇരുവിഭാഗത്തിലെയും മുതിർന്ന ആളുകളുമായി സംസാരിച്ചു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്പി പറഞ്ഞു.
On the ruckus created during Hanuman Jayanti Yatra in Guna, Madhya Pradesh, SP Sanjeev Kumar Sinha while speaking to the local media says, "That procession (Yatra) was going from there, for which no permission was granted, The procession was forcefully taken out and was stopped… pic.twitter.com/YLgOtZqUZe
— Mohammed Zubair (@zoo_bear) April 13, 2025