മൗലികാവകാശങ്ങളുടെ ലംഘനം, എഫ്‌ഐആർ റദ്ദാക്കണം; ബോംബെ ഹൈക്കോടതിയെ സമീപിച്ച് കുനാൽ കമ്ര

സ്റ്റാൻഡ്-അപ്പ് കോമഡി ഷോയ്ക്കിടെ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരായ വിവാദ പരാമർശങ്ങളെ തുടർന്ന് മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം

Update: 2025-04-07 04:15 GMT
Editor : സനു ഹദീബ | By : Web Desk
Advertising

മുംബൈ: തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിച്ച് കൊമേഡിയൻ കുനാൽ കമ്ര. സ്റ്റാൻഡ്-അപ്പ് കോമഡി ഷോയ്ക്കിടെ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെക്കെതിരായ വിവാദ പരാമർശങ്ങളെ തുടർന്ന് മുംബൈ പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാണ് ആവശ്യം. ഏപ്രിൽ 5 നാണ് കുനാൽ ഹർജി ഫയൽ ചെയ്തത്.

ആർട്ടിക്കിൾ 19 (1) (എ) (സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം), 19 (1) (ജി) (ഏതെങ്കിലും തൊഴിലും ബിസിനസും നടത്താനുള്ള അവകാശം), 21 (ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം) എന്നിവ പ്രകാരം ഉറപ്പുനൽകുന്ന തന്റെ മൗലികാവകാശങ്ങളുടെ ലംഘനമാണ് നടപടിയെന്ന് കുനാൽ ഹർജിയിൽ പറയുന്നു. ജസ്റ്റിസുമാരായ സാരംഗ് വി കോട്‌വാൾ, ശ്രീറാം എം മോദക് എന്നിവരടങ്ങിയ ബെഞ്ച് ഏപ്രിൽ 21 ന് കേസ് പരിഗണിക്കും.

ശിവസേന എംഎൽഎ മുർജി പട്ടേൽ ആണ് കുനാലിനെതിരെ പരാതി നൽകിയത്. മുംബൈ പൊലീസ് കഴിഞ്ഞ ചൊവ്വാഴ്ച കുനാൽ കമ്രക്ക് മൂന്നാമത്തെ സമൻസ് അയച്ചിരുന്നു. വിവാദത്തിന് പിന്നാലെ കുനാൽ കമ്രയുമായി ബന്ധപ്പെട്ട എല്ലാ ഉള്ളടക്കങ്ങളും ഓൺലൈൻ ടിക്കറ്റിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈഷോ നീക്കിയിരുന്നു.

യുട്യൂബ് വിഡിയോയില്‍ ഹിന്ദി ചലച്ചിത്രമായ 'ദില്‍ തോ പാഗല്‍ ഹേ'യുടെ പാരഡി അവതരണത്തിലൂടെ ഏക്നാഥ് ഷിന്‍ഡെയെ കളിയാക്കുകയും ചതിയന്‍ ആണെന്ന് പരാമര്‍ശിക്കുകയുമായിരുന്നു. ഷിന്‍ഡെയോടു മാപ്പു പറയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസ് അടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും കുനാല്‍ അത് തള്ളി. താന്‍ ജനക്കൂട്ടത്തെ ഭയക്കുന്നില്ലെന്നും മാപ്പ് പറയില്ലെന്നും എക്സിലൂടെ അദ്ദേഹം പ്രതികരിച്ചിരുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News