ഓപ്പറേഷൻ സിന്ദൂര്‍; സൈന്യത്തിൽ അഭിമാനമെന്ന് രാഹുൽ ഗാന്ധി
ഐക്യത്തിനുള്ള സമയമാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്‍റാം രമേശ് എക്സിൽ കുറിച്ചു
ഡൽഹി: ഇന്ത്യൻ സൈന്യത്തിൽ അഭിമാനിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നൽകിയ സാഹചര്യത്തിലാണ് രാഹുലിന്‍റെ പ്രതികരണം.
ഐക്യത്തിനുള്ള സമയമാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്‍റാം രമേശ് എക്സിൽ കുറിച്ചു. കോൺഗ്രസ് സുരക്ഷ സേനക്ക് ഒപ്പമാണെന്നും കൂട്ടിച്ചേര്‍ത്തു. ''പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരതയുടെ എല്ലാ ഉറവിടങ്ങളും ഇല്ലാതാക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വിട്ടുവീഴ്ചയില്ലാത്തതാണ് . അത് ദേശീയ താൽപര്യത്തിൽ ഊന്നിയതാകണം. ഇത് ഐക്യത്തിനും ഐക്യദാർഢ്യത്തിനും വേണ്ടിയുള്ള സമയമാണ്. ഏപ്രിൽ 22 ന് രാത്രി മുതൽ, പഹൽഗാം ഭീകരാക്രമണത്തോടുള്ള രാജ്യത്തിന്‍റെ പ്രതികരണത്തിൽ സർക്കാരിന് ഞങ്ങളുടെ പൂർണ് പിന്തുണ ഉണ്ടായിരിക്കുമെന്ന് ഐഎൻസി വ്യക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് നമ്മുടെ സുരക്ഷാസേനക്കൊപ്പമാണ്'' പോസ്റ്റിൽ പറയുന്നു.
പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകൾ തകർത്ത സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രതികരിച്ചു. ദൃഢനിശ്ചയത്തെയും ധൈര്യത്തെയും അഭിനന്ദിക്കുന്നു. ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പം ഉറച്ചുനിന്നു.ഒറ്റക്കെട്ടായി നിൽക്കണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
ബഹാവല്‍പൂര്‍, മുസാഫറബാദ്, കോട്‌ലി, മുറിഡ്‌കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്. 12 ഭീകരർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. ആക്രമണം ഭീകര കേന്ദ്രങ്ങൾക്ക് നേരെ മാത്രമെന്ന് സേന വ്യക്തമാക്കി. ആക്രമണം സ്ഥിരീകരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ശക്തമായി പ്രതികരിക്കാൻ പാകിസ്താന് അവകാശവുമുണ്ടെന്ന് എക്സിൽ പ്രതികിച്ചു. തിരിച്ചടിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും എക്സിൽ പോസ്റ്റ് ചെയ്തു. ആക്രമണം നടക്കുമെന്ന് പ്രതീക്ഷിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയെട്ടെയെന്നും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.